07 April, 2020 11:24:44 AM
യു.എസ് ആവശ്യം അംഗീകരിച്ച് ഇന്ത്യ; മലേറിയ മരുന്നിനുള്ള കയറ്റുമതി നിരോധനം നീക്കി
ദില്ലി: മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്സിക്ലോറോ ക്വിൻ കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന നിരോധനം ഭാഗികമായി പിൻവലിച്ചു. കൊറോണ വൈറസിനെതിരെ ലോകവ്യാപകമായി ഉപയോഗിക്കുന്ന ഈ മരുന്ന് കോവിഡ് ബാധ ഏറെയുള്ള രാജ്യങ്ങൾക്ക് നൽകുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
മരുന്ന് കയറ്റുമതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മരുന്ന് കയറ്റുമതി നിർത്തിവച്ചാൽ പ്രതികാര നടപടിയുണ്ടാകുമെന്ന് ട്രംപ് സൂചനയും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ മരുന്ന് കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കിയത്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയത്. ഞായറാഴ്ച ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും നിരോധനം നീക്കിയില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അത് വഷളാക്കിയേക്കാമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം, മനുഷ്യത്വം പരിഗണിച്ചാണ് മറ്റ് രാജ്യങ്ങളിലേക്ക് മലേറിയ മരുന്ന് കയറ്റുമതി അയക്കാൻ തീരുമാനിച്ചതെന്ന് ഇന്ത്യ. ട്രംപിന്റെ ഭീഷണിയെ തുടർന്നാണ് 24 മരുന്നുകളുടെ കയറ്റുമതി നിയന്ത്രണം നീക്കിയതെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. കോവിഡ് വ്യാപനത്തില്‍ കടുത്ത ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുമെന്ന് ഇന്ത്യ അറിയിച്ചു.
മനുഷ്യത്വം പരിഗണിച്ച് പാരസെറ്റമോളും ഹൈഡ്രോക്സിക്ലോറോക്വിനും ഇന്ത്യയെ ആശ്രയിക്കുന്ന അയൽരാജ്യങ്ങൾക്കു നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ആവശ്യ മരുന്നുകളായ ഇവ കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങൾക്കും നൽകും. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയവൽക്കരണത്തെയും ഗൂഢസിദ്ധാന്തം ചമയ്ക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ല. അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
ഇന്ത്യ 24 മരുന്നുകളുടെ കയറ്റുമതി നിരോധനമാണ് നീക്കിയത്. 26 മരുന്നുകളും അവയുടെ ഘടകങ്ങളും വിദേശത്തേക്ക് കയറ്റി അയക്കുന്നതില്‍ മാര്‍ച്ച് മൂന്നിനാണ് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാരസിറ്റാമോളും ഈ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ വിലക്ക് നീക്കിയ മരുന്നുകളുടെ പട്ടികയില്‍ പാരസിറ്റാമോള്‍ ഉള്‍പ്പെട്ടിട്ടില്ല.