07 April, 2020 10:32:19 AM
ദില്ലി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്: രോഗബാധിതരില്‍ 9 മലയാളി നഴ്സുമാരും
ദില്ലി: ദില്ലി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടർക്കും 11 നഴ്സുമാർക്കും കൂടി കൊവിഡ് 19 വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയിൽ രോഗം ബാധിച്ച ജീവനക്കാരുടെ എണ്ണം 18 ആയി. കഴിഞ്ഞ ആഴ്ച ഒരു ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മെഡിക്കൽ സെന്റർ അടച്ചിരുന്നു. പിന്നീട് ആറ് നഴ്സുമാർക്കു കൂടി അണുബാധയുണ്ടെന്ന് കണ്ടെത്തി. ആശുപത്രിയിലെ 19 രോഗികളുടെ കൂടി സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ എട്ടു മാസം ഗർഭിണിയായ യുവതി ഉൾപ്പെടെ ഒൻപത് മലയാളി നഴ്സുമാരുണ്ട്.
ആദ്യത്തെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ തന്നെ ആശുപത്രിയിലെ ഒപി വിഭാഗവും ഓഫീസും ലാബും അടച്ചിരുന്നു. ഡോക്ടറുടെ സഹോദരനും ഭാര്യയും കഴിഞ്ഞ മാസം വിദേശത്തുനിന്നും തിരിച്ചെത്തിയിരുന്നു. ഇവരിൽനിന്നാവും ഇദ്ദേഹത്തിനു രോഗം ലഭിച്ചതെന്നാണ് കരുതുന്നത്. യുകെയിൽനിന്നാണ് ഇവർ എത്തിയത്. ഡോക്ടർ സഹോദരന്റെ വീട് അടുത്തിടെ സന്ദർശിച്ചിരുന്നു. ഈ ഡോക്ടറിൽനിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടർന്നത്. നിലവിൽ ആശുപത്രിയിലെ 45 ജീവനക്കാർ ക്വാറന്റൈനിലാണ്.