03 April, 2020 09:25:09 PM


രേഷ്മ ആശുപത്രി വീട്ടു; വീണ്ടും കൊറോണ വാര്‍ഡില്‍ സേവനമനുഷ്ഠിക്കാന്‍ തയ്യാറാണെന്നറിയിച്ച്



കോട്ടയം: കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തിലാണ് രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസ് ഇന്ന് ആശുപത്രി വിട്ടത് തികഞ്ഞ ആത്മവിശ്വാസത്തോടെ.


14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നാണ് രേഷ്മ പറയുന്നത്. നമ്മുടെ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാര്‍ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാല്‍ തന്നെ ആശങ്കകള്‍ ഇല്ലാതെ ഡ്യൂട്ടിയെടുക്കാം. കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് രേഷ്മ വ്യക്തമാക്കുന്നത്. 


കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ 88 ഉം 93 ഉം വയസുള്ള വൃദ്ധ ദമ്പതികളെ ശ്രുശ്രൂഷിച്ച നഴ്‌സായിരുന്നു രേഷ്മ.  മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയ്ക്ക് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് മാർച്ച് 24 നാണ് രേഷ്മയുടെ പരിശോധനാ ഫലം പോസറ്റീവായി കണ്ടത്. തുടര്‍ന്ന് ആശുപത്രിയിൽ ക്വാറന്റൈൻ ചെയ്ത് ചികിത്സ ആരംഭിച്ചു. തുടർന്ന് നടത്തിയ മൂന്ന് പരിശോധനകളും നെഗറ്റീവായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K