03 April, 2020 07:42:03 PM
'ഒരു നെല്ലും ഒരു മീനും': പാടങ്ങളിൽ നിന്നും മത്സ്യം പിടിക്കാനുള്ള സമയം ഏപ്രിൽ 30 വരെ നീട്ടി
തൃശ്ശൂർ: 'ഒരു നെല്ലും ഒരു മീനും' പദ്ധതി പ്രകാരം പാടശേഖരങ്ങളിൽ നിന്നും മത്സ്യം പിടിക്കാനുള്ള സമയം ഏപ്രിൽ 30 വരെ നീട്ടി. തൃശ്ശൂർ ജില്ലയിൽ മാള, പൊയ്യ, കൊടുങ്ങല്ലൂർ, പുത്തൻചിറ, വെള്ളാങ്കല്ലൂർ എന്നിവടങ്ങളിലെ പൊക്കാളി പാടങ്ങളിൽ മത്സ്യ/ചെമ്മീൻ കർഷകർ കൃഷി ഇറക്കിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ പദ്ധതി പ്രകാരം നടപ്പാക്കി വരുന്ന കൃഷിയുടെ വിളവെടുപ്പ് കാലാവധി ഏപ്രിൽ 14 വരെയായിരുന്നു.
എന്നാൽ കോവിഡ് 19 ലോക്ക് ഡൗൺ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് വിളവെടുപ്പിനും വിപണനത്തിനും പ്രയാസമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പാടശേഖരങ്ങളിൽ നിന്നും മത്സ്യം പിടിക്കുവാനുള്ള സമയം ഏപ്രിൽ 30 വരെ നീട്ടി നൽകിയതായി ജില്ലാ ഫിഷറീസ് വകുപ്പ് അറിയിച്ചു.