03 April, 2020 05:39:36 PM
കോട്ടയം കോവിഡ് വിമുക്തജില്ലയായി; വൃദ്ധദമ്പതികളും ആരോഗ്യ പ്രവര്‍ത്തകയും ആശുപത്രി വിട്ടു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളുടെ അവസാനവട്ട പരിശോധനാഫലവും നെഗറ്റീവ് ആയതോടെ കോവിഡ് 19 എന്ന മഹാമാരിയില്‍നിന്നും താത്ക്കാലികമായി വിമുക്തിനേടിയ ആദ്യജില്ലയായി കോട്ടയം മാറി. കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതികൾ രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടു. ദമ്പതികൾക്കൊപ്പം ഇവരെ പരിചരിച്ച് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകയും ആശുപത്രി വിട്ടു.
പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93) ഭാര്യ മറിയാമ്മ (88) എന്നിവര്‍ വെള്ളിയാഴ്ച വൈകിട്ടു മൂന്നു മണിയോടെയാണ് വീട്ടിലേക്കു മടങ്ങിയത്. കോവിഡ് 19 ഭേദമാകുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയയാളാണു തോമസ്. നേരത്തെ തന്നെ ഇവരുടെ രോഗം ഭേദമായെങ്കിലും തുടര്‍ പരിശോധനകള്‍ക്കായി രണ്ടു ദിവസം കൂടി ആശുപത്രിയില്‍ നിർത്തുകയായിരുന്നു. വെള്ളിയാഴ്ച ചേർന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനു ശേഷമാണ് ഇരുവരേയും വീട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ കോവിഡ് 19 ബാധിച്ചു ചികിത്സയില്‍ പ്രവേശിപ്പിച്ച എല്ലാവരും ആശുപത്രി വിട്ടു. അഞ്ച് പേരാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. ജില്ലയില്‍ നിന്നും ആദ്യമായി കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചെങ്ങളം സ്വദേശികള്‍ രോഗം ഭേദമായി നേരത്തെ ആശുപത്രി വിട്ടിരുന്നു. രോഗബാധിതര്‍ ആശുപത്രി വിട്ടെങ്കിലും കോവിഡ് ഭീതി ജില്ലയില്‍ നിന്നും ഒഴിഞ്ഞിട്ടില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് തന്നെയാണ് അധികൃതരുടെ നിര്‍ദ്ദേശം. ഇപ്പോഴും ഒട്ടേറെ പേര്‍ഗൃഹനിരീക്ഷണത്തിലുണ്ട്.