31 March, 2020 10:05:47 PM


സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 215 ആയി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ രണ്ടുപേർക്ക് വീതവും തൃശൂർ, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 215 ആയി. 162471 പേർ വീടുകളിലും 658 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുകയാണ്. 


നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയുടെ രണ്ട് മക്കൾക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. എട്ട് വയസുള്ള ആൺകുട്ടിക്കും 13 വയസുള്ള പെൺകുട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.  നിസാമുദ്ദീനിലെയും മലേഷ്യയിലെയും മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടിക ജില്ലാ കളക്ടര്‍മാര്‍ മുഖേന കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ഇവരെ കണ്ടെത്താന്‍ പൊലീസ് വിശദമായ പരിശോധന നടത്തിയെന്നും പട്ടികയുടെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിസാമുദ്ദീനിലെ തബ്‌ലീഗ്‌ ജമാഅത്തിന്റെ ആസ്ഥാനമായ ബംഗ്ലാവാലി മസ്ജിദില്‍ നടന്ന മതസമ്മേളനത്തില്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍നിന്നുള്ളവര്‍ പങ്കെടുത്തിരുന്നതായാണ് കണ്ടെത്തല്‍. ഇതില്‍ നാല്‍പ്പത്തഞ്ചോളം പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പത്തനംതിട്ട ജില്ലയില്‍നിന്ന് മാത്രം 14 പേരാണ് നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K