28 March, 2020 02:13:45 AM
ഹോം ക്വാറന്‍റയിന്‍ ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്‌ടര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: വിദേശയാത്ര കഴിഞ്ഞെത്തി ഗൃഹനിരീക്ഷണ നിര്‍ദേശം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്‌ടര്‍ അനുപം മിശ്രയെ സസ്‌പെന്‍ഡ് ചെയ്‌തു. രണ്ടു വര്‍ഷം വരെ തടവും പിഴയും ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തതിനു പിന്നാലെയാണ് ജില്ലാ കലക്‌ടറുടെ ശിപാര്‍ശ പ്രകാരമുള്ള നടപടി. 'ഹോം ക്വാറന്റൈന്‍' എന്നാല്‍ സ്വന്തം വീട്ടില്‍പോകുക എന്നാണു കരുതിയെന്നാണ് കാണ്‍പുരിലുണ്ടെന്നു കരുതപ്പെടുന്ന മിശ്ര കലക്‌ടര്‍ക്കു നല്‍കിയ വിശദീകരണം!
സിംഗപ്പുരിലും മലേഷ്യയിലും മധുവിധുയാത്ര കഴിഞ്ഞ് കഴിഞ്ഞ 18നാണ് അദ്ദേഹം കൊല്ലത്തു തിരിച്ചെത്തിയത്. കോവിഡ് പടരുന്നതു കണക്കിലെടുത്ത് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച് കലക്‌ടര്‍ തേവള്ളിയിലെ ഔദ്യോഗിക വസതിയിലേക്കയച്ചു. ആരോഗ്യസ്‌ഥിതി അന്വേഷിക്കാനായി ഉദ്യോഗസ്‌ഥര്‍ വ്യാഴാഴ്‌ച എത്തിയപ്പോള്‍ അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. ജില്ലാ കലക്‌ടര്‍ ബി. അബ്‌ദുല്‍ നാസര്‍ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ ബംഗളുരുവിലുണ്ടെന്നായിരുന്നു അനുപം മിശ്രയുടെ മറുപടി. എന്നാല്‍, മൊബൈല്‍ ഫോണിന്റെ ടവർ ലൊക്കേഷന്‍ കാണ്‍പുരാണെന്ന് പരിശോധനയില്‍ വ്യക്‌തമായിരുന്നു.