27 March, 2020 09:33:08 AM
ക്വാറന്‍റയിന്‍ ലംഘിച്ച് മുങ്ങിയ കൊല്ലം സബ്കളക്ടര്‍ക്കെതിരെ കേസ് ; ഗണ്‍മാനെതിരേയും നടപടി
തിരുവനന്തപുരം: നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയ്‌ക്കെതിരേ കേസ്. കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ കാണ്‍പൂരിലേക്ക് മുങ്ങിയതിനാണ് കേസ്. വിവരം മറച്ചുവെച്ച ഗണ്‍മാനെതിരേയും കേസെടുത്തു. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗരുഡിന്‍ ഉത്തരവിറക്കി.
ഔദ്യോഗിക വസതിയില്‍ കഴിയുന്നതിനിടയില്‍ ക്വാറന്റീന്‍ ലംഘിച്ചെന്ന് കാണിച്ച് കര്‍ശന നടപടിയെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നത്. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപംമിശ്ര ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ്. വിദേശ പര്യടനം നടത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായ അദ്ദേഹം 19 ാം തീയതി മുതല്‍ ഔദ്യോഗിക വസതിയില്‍ ക്വാറന്റീനിലായിരുന്നു.
ആരോഗ്യ സ്ഥിതി പരിശോധിക്കാനായി ഇന്നലെ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീട്ടില്‍ സബ്കളക്ടര്‍ ഇല്ല. സുരക്ഷാ ഉദ്യോഗസ്ഥനും അറിയില്ലെന്നാണ് വിവരം നല്‍കിയത്. തുടര്‍ന്ന് ഫോണില്‍ വിളിച്ചപ്പോള്‍ ബാംഗ്‌ളൂര്‍ ആണെന്ന് പറയുകയും ടവര്‍ ലൊക്കേഷനില്‍ കാണ്‍പൂരിലുണ്ടെന്ന് കാണിക്കുകയുമായിരുന്നു. മധുവിധുവിനായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഈ മാസം 18 നാണ് ഇദ്ദേഹം കൊല്ലത്ത് മടങ്ങിയെത്തിയത്.
തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായും പെരിന്തല്‍മണ്ണ സബ് കളക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുമ്പ് തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസത്തില്‍ തോക്ക് ലൈസന്‍സ് എടുക്കാന്‍ ശ്രമിച്ച് വിവാദത്തില്‍ തലയിട്ടയാളാണ് അനുപം മിശ്ര. യുവ ഐഎഎസുകാരന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച കളക്ടര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്.