26 March, 2020 04:14:18 PM
പരിശോധനയ്ക്കായി കാർ തടഞ്ഞു: കലിപൂണ്ട യുവതി പൊലീസുകാരുടെ ദേഹത്ത് നക്കി
കൊൽക്കത്ത: ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നടന്ന വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ നക്കുകയും ഉടുപ്പിൽ തുപ്പൽ തേക്കുകയും ചെയ്ത് പെൺകുട്ടി. കൊൽക്കത്തയിലെ സാൽട്ട് ലേക്കിലാണ് സംഭവം. കോവിഡ്19ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് കർശന നിരീക്ഷണങ്ങളാണുള്ളത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് നടന്ന വാഹന പരിശോധനയ്ക്കിടെ പെൺകുട്ടി സഞ്ചരിച്ച കാറും പൊലീസുകാർ തടഞ്ഞു.
കാർ ഡ്രൈവറോട് വിവരങ്ങൾ ചോദിക്കവെ കാറിൽ നിന്നിറങ്ങിയ പെൺകുട്ടി പൊലീസുകാരുമായി തർക്കിക്കാൻ തുടങ്ങി. ഇതിനിടയിലാണ് ദേഷ്യം മൂത്ത് പൊലീസുകാരിലൊരാളെ നക്കുകയും ഉടുപ്പിൽ തുപ്പൽ തേക്കുകയും ആയിരുന്നു. അധികം വൈകാതെ തന്നെ സംഭവത്തിന്റെ വീഡിയോ വൈറലായി. തുപ്പൽ തേച്ച ശേഷം ഇനി നിങ്ങള്‍ക്കും അസുഖം പിടിക്കുമെന്ന് പെൺകുട്ടി ആക്രോശിക്കുന്നതും കേള്‍ക്കാം.
ലോക്ക് ഡൗണിന്റെ ഭാഗമായുള്ള സാധാരണ നടപടിക്രമത്തിനായാണ് പെൺകുട്ടിയോട് ചോദ്യങ്ങൾ ചോദിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസുകാർ തന്നോട് അപമര്യാദയായി പെരുമാറുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. താൻ ഒറ്റയ്ക്കാണ് കഴിയുന്നത്. ഒറ്റയ്ക്ക് തന്നെ കാര്യങ്ങൾ നോക്കണം. അന്ന് പരിശോധനയ്ക്കായി ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് പൊലീസ് തടഞ്ഞതെന്നും ഇവർ ആരോപിക്കുന്നു.