26 March, 2020 10:17:51 AM
കൊറോണ രോഗിക്ക് എച്ച്ഐവി മരുന്ന് നൽകി; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ്
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് നൽകിയത് എച്ച്ഐവി ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തുന്ന മരുന്ന്. ഇത് നൽകി മൂന്നാമത്തെ ദിവസം തന്നെ ഫലം നെഗറ്റീവ് ആകുകയും ചെയ്തു.
കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്നായിരുന്നു ബ്രിട്ടീഷ് പൗരനെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ഉൾപ്പെടെ പിടിപെട്ട ഇയാളുടെ ആരോഗ്യനില ആദ്യ ഘട്ടത്തിൽ മോശമാകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പരിശോധന ഫലം നെഗറ്റീവായിരിക്കുകയാണ്.
ഇയാൾക്ക് ആൻ്റി വൈറൽ മരുന്ന് നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് അനുമതി നൽകിയിരുന്നു. രോഗി കൂടി സമ്മതമറിയിച്ചതോടെയാണ് ജില്ലാ കളക്ടർ എസ് സുഹാസിൻ്റെ നേതൃത്വത്തിൽ മരുന്ന് ലഭ്യമാക്കിയത്. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് കഴിഞ്ഞ ഏഴ് ദിവസവും നൽകിയത്. മൂന്നാമത്തെ ദിവസം തന്നെ റിസൾട്ട് നെഗറ്റീവായി. മാർച്ച് 23 ന് ലഭിച്ച രണ്ടാമത്തെ സാമ്പിൾ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് അധികൃതർ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
സാധാരണയായി രണ്ട് ഫലങ്ങൾ തുടർച്ചയായി അനുകൂലമായാലാണ് നെഗറ്റീവ് റിസൾട്ട് എന്ന് രേഖപ്പെടുത്തുക.
ഇന്ത്യയിൽ ജയ്പൂരിലെ എസ് എം എസ് ആശുപത്രി കഴിഞ്ഞാൽ ഇവിടെ മാത്രമാണ് Ritonavir, lopinavir എന്നിവ കോവിഡ് ചികിത്സയിൽ ഉപയോഗിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ചൈനയിലെ വുഹാനിലും ഇവ പരീക്ഷിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചികിത്സ. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നൽകിയതെന്ന് ഡോക്ടർമാർ വ്യക്തമാക്കി