24 March, 2020 03:47:50 PM


കൊറോണ: സ്വയം ചികിത്സ നടത്തി ദമ്പതികൾ; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ



ന്യൂയോർക്ക്: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സ്വയം ചികിത്സ നടത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ. അരിസോണ സ്വദേശികളായ ദമ്പതിമാരാണ് കൊറോണയെ പ്രതിരോധിക്കാൻ സ്വയം ചികിത്സ നടത്തിയത്. ഞായറാഴ്ചയാണ് സംഭവം. അക്വോറിയം ശുചീകരിക്കാന്‍ ഉപയോഗിക്കുന്ന ക്ലോറോക്വയ്ന്‍ ഫോസ്‌ഫേറ്റാണ് ദമ്പതിമാര്‍ പ്രതിരോധ മരുന്നായി ഉപയോഗിച്ചതെന്ന് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ദമ്പതിമാരുടെ പേര് പുറത്തുവിട്ടിട്ടില്ല. 


വളരെക്കാലമായി മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളായ ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഈ മരുന്നുകൾ പരീക്ഷിക്കുന്നുണ്ട്. അറുപത് വയസ് പ്രായമുള്ളവരാണ് ദമ്പതികൾ. ഇത് കഴിച്ചതിന് പിന്നാലെ ഇരുവര്‍ക്കും ശക്തമായ ഛര്‍ദിയുണ്ടായും തലകറക്കവും ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർക്ക് കൊറോണയൊന്നും ഉണ്ടായിരുന്നില്ല. 


ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യയുടെ അവസ്ഥ ഗുരുതരമാണെന്നും ഇവർ രക്ഷപെടാന്‍ സാധ്യതയുണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ക്ലോറോക്വയ്ന്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്നും ആളുകള്‍ വിഡ്ഢിത്തം ചെയ്യരുതെന്നും ആരോഗ്യവിദഗ്ധര്‍ അഭ്യര്‍ഥിച്ചു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവര്‍ ആശുപത്രികളില്‍ ചികിത്സ തേടണമെന്നും ഇന്റര്‍നെറ്റ് സഹായത്തോടെ സ്വയംചികിത്സ തിരഞ്ഞെടുക്കരുതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K