23 March, 2020 09:50:25 PM
കൊവിഡ് 19: ഇന്ത്യയിൽ മരണം 8 ആയി; 3 ഭാരതീയർ വിദേശ രാജ്യങ്ങളിൽ മരിച്ചു
ദില്ലി: കൊവിഡ് 19 രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 55 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി. വെന്റിലേറ്ററിലായിരുന്ന രോഗി മൂന്നരയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ബംഗാള്‍ ആരോഗ്യ വകുുപ്പിനെ ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചു.
ഇതിനിടെ വിദേശ രാജ്യങ്ങളിൽ മൂന്ന് ഇന്ത്യാക്കാർ മരണത്തിന് കീഴടങ്ങി. ഇറാന്‍, ഈജിപ്ത്, സ്വീഡന്‍ എന്നിവിടങ്ങളിലാണ് മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചത്. ലോകവ്യാപകമായി ഇതുവരെ 3,50,457 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 15000 കവിഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്, 4576 പേര്‍. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 3270 പേര്‍ മരിച്ചു. സ്പെയിനില്‍ 2182 പേര്‍ മരിച്ചു. ഇറാനില്‍ 1812 പേരും മരിച്ചു. അഞ്ച് രാജ്യങ്ങളില്‍ മരണസംഖ്യ ആയിരം കവിഞ്ഞു. ഫ്രാന്‍സില്‍ 674 പേര്‍ മരിച്ചു. അമേരിക്കയില്‍ 458 പേരും മരിച്ചു.
അതേസമയം കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തുന്നു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ കാര്‍ഗോ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
ട്രെയിന്‍ ഗതാഗതവും റോഡ് മാര്‍ഗമുള്ള ഗതാഗതവും ഏതാണ്ട് നിലച്ചിരിക്കുാകയാണ്. രാജ്യത്തെ മുഴുവന്‍ യാത്രാ ട്രെയിനുകളും ഈ മാസം 31 വരെ നിര്‍ത്തിവയ്ക്കാന്‍ റെയില്‍വേ തീരുമാനിച്ചു. പാസഞ്ചര്‍, മെയില്‍, എക്സ്പ്രസ് ട്രെയിനുകളെല്ലാം സര്‍വീസ് നിര്‍ത്തി. ഇതോടെ പ്രതിദിനം സര്‍വീസ് നടത്തിയിരുന്ന 13,000 ട്രെയിനുകള്‍ നിര്‍ത്തി. ഡല്‍ഹി മെട്രോ ഉള്‍പ്പെടെ വിവിധ മെട്രോകളും വിവിധ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളും നിര്‍ത്തി.