23 March, 2020 06:54:40 PM
കൊറോണയെ വകവെയ്ക്കാതെ 'ആപ്പി'ൽ അവിഹിതബന്ധം തേടി ഇന്ത്യാക്കാരും
ദില്ലി: സർക്കാരും ജനങ്ങളും കോവിഡ് 19 എന്ന മഹാമാരിയെ നേരിടാൻ ജാഗ്രതയോടെ തയ്യാറെടുക്കുമ്പോൾ ഒരു വിഭാഗം ആളുകൾ ഇപ്പോഴും ഗുരുതരാവസ്ഥ മനസിലാക്കുന്നില്ലെന്നാണ് വിവാഹാനന്തര ഡേറ്റിംഗ് ആപ്പായ ഗ്ലീഡൻ കമ്പനിയുടെ വെളിപ്പെടുത്തലിലൂടെ മനസിലാവുക. ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളിലും വിവാഹാനന്തര ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളിലും സബ്സ്ക്രിപ്ഷനിൽ 70% വർദ്ധന ഉണ്ടായതായാണ് കമ്പനി അവകാശപ്പെടുന്നത്.
മാർച്ച് 31 വരെ രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സബ്സ്ക്രിപ്ഷൻ ഇനിയും ഉയരുമെന്നാണ് കമ്പനി പറയുന്നത്. 2017ലാണ് ഗ്ലീഡൻ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. എട്ടു ലക്ഷം സജീവമായ ഇന്ത്യൻ ഉപയോക്താക്കളാണ് സൈറ്റിന് ഇപ്പോഴുള്ളത്. അടുത്തിടെ സാധാരണയിൽ നിന്ന് 2.5 ഇരട്ടിയായി ആണ് ആളുകൾ സൈറ്റിലേക്ക് എത്തുന്നത്. ചിലർ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുമ്പോൾ മറ്റു ചിലർ അവരുടെ പുതിയ ഫോട്ടോകളും അപ് ലോഡ് ചെയ്യുന്നു.
മാർച്ച് നാലിന് ആയിരുന്നു ഇറ്റലിയിൽ നിർബന്ധിത ക്വാറന്‍റയിൻ പ്രഖ്യാപിച്ചത്. ആദ്യ ആഴ്ചയിൽ ആപ് സബ്സ്ക്രിപ്ഷനിൽ വൻ വർദ്ധന ഉണ്ടായപ്പോൾ കഴിഞ്ഞ രണ്ടാഴ്ചയായി മൂന്നിരട്ടി വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഫ്രാൻസിലും സ്പെയിനിലും കഴിഞ്ഞദിവസമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇവിടെയും ആപ്പിന്‍റെ വൻതോതിലുള്ള സബ്സ്ക്രിപ്ഷൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.