23 March, 2020 12:35:59 PM
ഹൈക്കോടതി അടച്ചു; അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ ക്കായി ആഴ്ചയില്‍ 2 ദിവസം സിറ്റിംഗ്
കൊച്ചി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ഹൈക്കോടതി അടച്ചു. ഏപ്രില്‍ എട്ട് വരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം പരിഗണിക്കാന്‍ ആഴ്ചയില്‍ രണ്ട് ദിവസം സിറ്റിംഗ് ഉണ്ടാകും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കുക.
വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലുള്ള കേസുകള്‍, ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍, ജാമ്യ അപേക്ഷകള്‍ എന്നിവ മാത്രമാകും ഇനിയുള്ള ദിവസങ്ങളില്‍ കോടതി പരിഗണിക്കുക. ഇതിനായി പ്രത്യേക കോടതിയെയോ ബെഞ്ചിനെയോ നിയോഗിച്ചേക്കും. രാവിലെ ജഡ്ജിമാരെല്ലാം ചേര്‍ന്നുള്ള ഫുള്‍കോര്‍ട്ട് യോഗത്തിലാണ് തീരുമാനമെടുത്തത്. അതിനുശേഷം അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റും ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. തുടര്‍ന്ന് എടുക്കേണ്ട ക്രമീകരണങ്ങളില്‍ ചര്‍ച്ച നടത്തി. സര്‍ക്കാര്‍ നിലപാട് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.