23 March, 2020 01:48:14 AM
വിദേശത്തുനിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഇന്ന് മുതൽ; പ്രവാസികള്‍ ആശങ്കയിൽ
ദില്ലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഇന്ത്യ ഭാഗികമായി ലോക്ക്ഡൌണിലേക്ക്. വിദേശത്തുനിന്നുള്ള അന്താരാഷ്ട്ര വിമാനസർവ്വീസുകൾക്ക് ഇന്ന് മുതൽ ഇന്ത്യയിൽ ഇറങ്ങുന്നതിന് വിലക്ക് നിലവിൽ വരും. അന്താരാഷ്ട്ര വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള അനുമതി മാർച്ച് 23 ന് പുലർച്ചെ 1:31 വരെ മാത്രമായിരുന്നു. ഇതോടെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസർവ്വീസുകൾ ഒരാഴ്ചത്തേക്ക് യാത്ര നിർത്തിവെക്കുന്നതായി അറിയിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും യുകെ, തുർക്കി, അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കുമുള്ള വിമാനങ്ങൾ മാർച്ച് 31 വരെ നിർത്തിവയ്ക്കും.
കോവിഡ് 19 രോഗബാധ വ്യാപിക്കുന്നതിനാൽ യാത്രകൾ പൂർണമായും ഒഴിവാക്കാൻ പൌരൻമാരോട് കേന്ദ്ര സര്‍ക്കാര്‍ നിർദേശിച്ചിട്ടുണ്ട്. എന്നാൽ വിദേശരാജ്യങ്ങളിൽ വിസാ കാലാവധി അവസാനിച്ച പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിൽ ആശങ്കയിലാണ്. യുകെയിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കോമൺവെൽത്ത് ഓഫീസുമായും യുകെയിലെ ആഭ്യന്തര കാര്യാലയവുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ രുചി ഗാൻഷ്യം അറിയിച്ചു. വിസാ കാലാവധി അടുത്ത ദിവസങ്ങളിൽ അവസാനിക്കുന്ന ഇന്ത്യക്കാർക്കും മറ്റുള്ളവർക്കുമുള്ള മാർഗനിർദേശത്തിനായി യുകെയിലെ ആഭ്യന്തര കാര്യാലയ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്ന് ഹൈക്കമ്മീഷണർ വ്യക്തമാക്കി.