22 March, 2020 04:46:22 PM
കോവിഡ് 19: ഇന്ത്യയിൽ മരണം ഏഴ് ആയി; 341 പേരില്‍ രോഗം സ്ഥിരീകരിച്ചു
പഞ്ചാബ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളില്‍ 31 വരെ ലോക്ക് ഡൗൺ
ദില്ലി: രാജ്യത്ത് കോവിഡ് 19 വൈറസ് മൂലം മരിച്ചവരുടെ എണ്ണം 7 ആയി. മഹാരാഷ്ട്രയിലും ബീഹാറിലും ഗുജറാത്തിലും ഒരോ മരണം റിപ്പോർട്ടു ചെയ്തു. ഇതുവരെ 341 പേരിൽ വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും അധികം ആളുകൾക്ക് രോഗം സ്ഥിരികരിച്ച മഹാരാഷ്ട്രയിൽ 63 കാരനാണ് മരിച്ചത്. ഇന്നലെയായിരുന്നു ഇയാളെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പാട്നയിൽ വൃക്ക തകരാറിനെ തുടർന്ന് മരിച്ച 38 കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുനഗർ സ്വദേശിയായ ഇയാൾ പട്നയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്. ഗുജറാത്തിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത് സൂററ്റിലാണ്. 67കാരിയാണ് മരിച്ചത്.
അസമിൽ 4 വയസുള്ള കുട്ടിക്ക് ആദ്യ പരിശോധനയിൽ വൈറസ് ബാധ ഉള്ളതായി റിപ്പോർട്ടു ചെയ്തെങ്കിലും രണ്ടാമത്തെ പരിശോധനയിൽ ഫലം നെഗറ്റീവ് ആയി. രാജസ്ഥാനിലെ ജോധ്പുരിലും ചണ്ഡീഗഢിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് പടരുന്ന ഇറ്റലിയിൽ കുടുങ്ങിയ 263 പേരെ ഡൽഹിയിൽ തിരിച്ചെത്തിച്ചു. വിദ്യാർത്ഥികളടങ്ങിയ സംഘത്തെ എയർഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിൽ എത്തിച്ചത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും അടച്ചിടുന്നതായി പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. 13 പേര്‍ക്കാണ് പഞ്ചാബില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളും ഈ മാസം അവസാനം വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യ സേവന സർവീസുകൾ തുറന്ന് പ്രവര്‍ത്തിക്കും.