22 March, 2020 12:00:40 PM
കോവിഡ് 19: രാജ്യത്ത് ആകെ മരണം അഞ്ചായി; രോഗ ബാധിതരുടെ എണ്ണം 324
ദില്ലി: കോവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധയില്‍ മരിക്കുന്നവരുടെ എണ്ണം അഞ്ചായി. മഹാരാഷ്ട്രയില്‍ മുംബൈയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 63 കാരന്റെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ചുള്ള മഹാരാഷ്ട്രയിലെ രണ്ടാമത്തെ മരണമാണ്.
കഴിഞ്ഞ 19-ാം തിയതിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ രോഗിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മരണപ്പെട്ട രോഗിക്ക് ഡയബറ്റിസും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും ഉണ്ടായിരുന്നതായുംൗ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ രണ്ടു പേരും, ഡല്‍ഹി, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരണപ്പെട്ടത്.
അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇതുവരെ രാജ്യത്ത് 324 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 74 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. ഇന്ന് ആന്ധ്രപ്രദേശിലും ഒരാള്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. ഇതില്‍ 23 പേര്‍ രോഗം ഭേദമായവരാണ്. മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമെ പഞ്ചാബും മാര്‍ച്ച് 31 വരെ പൂര്‍ണമായി അടച്ചു. പഞ്ചാബില്‍ ഇതുവരെ 13പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്