19 March, 2020 03:30:08 PM
കോവിഡ് പ്രതിരോധത്തിന് എച്ച്ഐവി മരുന്നുകൾ ഉപയോഡിച്ച് എറണാകുളം മെഡിക്കല്‍ കോളേജ്
കൊച്ചി: കോവിഡിനെ പ്രതിരോധിക്കാന്‍ മരുന്ന് പരീക്ഷണവുമായി എറണാകുളം മെഡിക്കല്‍ കോളജ്. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നീ മരുന്നുകളാണ് കളമശ്ശേരി മെഡിക്കല്‍ കോളജിൽ കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഐസലേഷൻ ഐ.സി.യുവിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് നൽകി തുടങ്ങിയത്.
ന്യൂമോണിയ ബാധിച്ചിട്ടുള്ള രോഗിയ്ക്ക് ഈ മരുന്നുകൾ നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് അനുമതി നൽകിയിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ അനുമതി കൂടി ലഭിച്ചതോടെയാണ് മരുന്ന് ഉപയോഗിച്ച് തുടങ്ങിയത്.
മരുന്ന് ഉപയോഗിക്കാന്‍ രോഗിയുടെ അനുമതിയും ലഭിച്ചു. ചൈനയിലെ വുഹാനിൽ ഇവ പരീക്ഷിച്ചിരുന്നു. രോഗിയുടെ പ്രതിരോധ ശേഷി വീണ്ടെടുത്ത് രോഗവിമുക്തി വേഗത്തിലാക്കാന്‍ ഈ മരുന്നുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്‍റെ നേതൃത്വത്തില്‍ ചികിത്സയുടെ പ്രോട്ടോക്കോൾ പരിഷ്കരിച്ച ശേഷമാണ് ചികിത്സ ആരംഭിച്ചത്. ഇന്ത്യയിൽ നേരത്തേ, ജയ്പൂരിലെ സവായ് മാൻസിങ് ആശുപത്രിയിലെ ഡോക്ടർമാരും സമാന ചികിത്സയിലൂടെ ഇറ്റാലിയൻ സ്വദേശിയെ കോവിഡ് 19 ൽ നിന്ന് മുക്തയാക്കിയിരുന്നു. എച്ച്ഐവി, പന്നിപ്പനി, മലേറിയ എന്നിവയ്ക്കുള്ള മരുന്നുകളായിരുന്നു അന്ന് ഉപയോഗിച്ചത്.
ചികിത്സയുടെ ആദ്യഘട്ടത്തിൽ റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നീ മരുന്നുകളായിരുന്നു രോഗിക്ക് നൽകിയിരുന്നത്. പിന്നീട് പന്നിപ്പനിക്കും മലേറിയക്കും ഉപയോഗിക്കുന്ന മരുന്നുകളും നൽകി. പ്രോട്ടോക്കാൾ പാലിച്ചായിരുന്നു ചികിത്സയെന്നും രോഗി കോവിഡ് 19 വിമുക്തയായതായും എസ്എംഎസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ആന്‍റ് കൺട്രോളർ ഡോ. സുധീർ ബന്ദാരി അറിയിക്കുകയും ചെയ്തിരുന്നു.