17 March, 2020 10:34:46 PM
വൈറസ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 83 പേര്‍ക്ക് രോഗലക്ഷണങ്ങളില്ല
കോട്ടയം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന കോട്ടയം സ്വേദേശികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 87 പേരില്‍ 83 പേരിലും ഇതുവരെ രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല. കൊറോണയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങള്‍ കണ്ടെത്തിയ നാലു പേരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എങ്കിലും ഇവര്‍ എല്ലാവരും ഏപ്രില്‍ അഞ്ചുവരെ ഹോം ക്വാറന്‍റയിനില്‍ തുടരും.
കൊറോണ ബാധിത മേഖലകളില്‍നിന്നെത്തിയ 77 പേര്‍ക്കുകൂടി ഇന്നലെ ജില്ലയില്‍ ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ഇവരില്‍ ഒരാള്‍ രോഗം സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലാണ്. ഇതോടെ ജനസമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയുന്നവരുടെ എണ്ണം 1378 ആയി. ഒരാളെക്കൂടി ഇന്നലെ ആശുപത്രി നിരീക്ഷണത്തിലാക്കി. കോട്ടയം സ്വദേശിയായ യുവതിയെയാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗം സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ കുട്ടിയെയും വിദേശത്തുനിന്നും വന്ന യുവാവിനെയും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ വിഭാഗത്തില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇരുവരും ഹോം ക്വാറന്‍റയിനില്‍ തുടരും. ഇവരുടേതുള്‍പ്പെടെ അഞ്ചു സാമ്പിള്‍ പരിശോധനാ ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവാണ്.
വിദേശ പൗരന്‍മാര്‍ക്കായി പ്രത്യേക നിരീക്ഷണ കേന്ദ്രം;
രോഗികളെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി
വിദേശത്തുനിന്ന് ജില്ലയിലെത്തുന്നവര്‍ക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലലെങ്കിലും 28 ദിവസം വീടുകളില്‍ ജനസമ്പര്‍ക്കമില്ലാതെ കഴിയണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. താമസ സൗകര്യമില്ലാത്ത വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള വിദേശ പൗരന്‍മാര്‍ക്കായി പ്രത്യേക ക്വാറന്‍റയിന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്തെത്തിയ രണ്ട് ഫ്രഞ്ച് പൗരന്‍മാരെയും സ്പെയിനില്‍നിന്നുള്ള രണ്ടു പേരെയും പാലാ ജനറല്‍ ആശുപത്രിയില്‍നിന്ന് ഈ കേന്ദ്രത്തിലേക്ക് മാറ്റി. നിരീക്ഷണ കാലാവധിയായ 28 ദിവസം പിന്നിട്ടാല്‍ ഇവര്‍ക്ക് സംസ്ഥാനത്ത് യാത്ര ചെയ്യുന്നതിനോ നാട്ടിലേക്ക് മടങ്ങുന്നതിനോ നിയന്ത്രണമില്ല.
വിദേശ പൗരന്‍മാരെ കൊറോണ ബാധിതരായി മുദ്രകുത്തുകയും അവര്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. നിരീക്ഷണ കാലാവധി പിന്നിട്ട വിദേശികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും നിഷേധിക്കാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ കോട്ടയം ജില്ലയിലെ മാര്‍ച്ച് 17 വരെയുള്ള വിവരങ്ങള്‍
* ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ -98
* പോസിറ്റീവ് -2
* നെഗറ്റീവ് -69
* ഫലം വരാനുള്ളവ -24
* നിരാകരിച്ചവ -3
* രോഗം സ്ഥീരികരിച്ചവരുടെ സഞ്ചാര പഥം പ്രസിദ്ധീകരിച്ചതിനുശേഷം റിപ്പോര്‍ട്ട് ചെയ്തവര്‍ - 53
* ഇന്ന് റിപ്പോര്‍ട്ട് ചെയ്തവര്‍ - 0
* രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന്) -1
* പ്രൈമറി കോണ്‍ടാക്ടുകള്‍ (ആകെ) -129
* സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന്) -2
* സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ആകെ) -460
* റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായ യാത്രക്കാര്‍ - 2318
* റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായ ആകെ യാത്രക്കാര്‍ - 3170
* ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ -0
* ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ -6 (ഇവര്‍ വന്ന സ്ഥലങ്ങള്‍: അബുദാബി-1, ഡല്‍ഹി-1, ബാംഗ്ലൂര്‍-4)
* കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ - 81
* കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ -953
* ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ -11
* ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ -49