17 March, 2020 12:50:52 PM
കൊറോണ വാക്സിൻ മനുഷ്യനില്‍ പരീക്ഷണാർത്ഥം പ്രയോഗിച്ച് അമേരിക്കൻ ഗവേഷകർ
വാഷിംഗ്ടണ്‍: ലോകമാകമാനം കൊറോണ പ്രതിരോധ വാക്സിനുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ആദ്യമായി വാക്സിൻ പരീക്ഷിച്ച് അമേരിക്കൻ ഗവേഷകർ. കൈസർ പെർമനന്‍റെ വാഷിംഗ്ടൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ആരോഗ്യ പ്രവർത്തകയിലാണ് വാക്സിൻ പരീക്ഷണാർത്ഥം പ്രയോഗിച്ചത്. ഇതിന്‍റെ ഫലം പഠിക്കാനായുള്ള കാത്തിരിപ്പിലാണ് ഗവേഷകർ. റെക്കോർഡ് വേഗതയിലാണ് വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഒരു ചെറിയ ടെക് കമ്പനിയുടെ ഓപ്പറേഷൻ മാനേജരിലാണ് വാക്സിൻ ആദ്യമായി കുത്തിവെച്ചത്. ഞങ്ങളെല്ലാം നിസ്സഹായരാണെന്ന തോന്നലില്‍ എന്തെങ്കിലും ചെയ്യാനുള്ള ഒരു മികച്ച അവസരമാണിത്- രണ്ട് കൗമാരക്കാരുടെ അമ്മയും 43കാരിയുമായ ജെന്നിഫർ ഹെല്ലർ പറയുന്നു. മക്കൾ കൂടി പിന്തുണച്ചതോടെ ജെന്നിഫർ പഠനത്തിന്‍റെ ഭാഗമാകുകയായിരുന്നു. കുത്തിവെപ്പിന് ശേഷം നിറഞ്ഞ ചിരിയോടെയാണ് ജെന്നിഫർ പരിശോധനാ മുറിയിൽ നിന്ന് പുറത്ത് വന്നത്.
മറ്റ് മൂന്നുപേരിൽ കൂടി പരീക്ഷണാർത്ഥം വാക്സിൻ പ്രയോഗിക്കും. ഒരു മാസത്തിനുള്ളിൽ 45 വോളന്‍റിയർമാർക്ക് രണ്ട് ഡോസ് മരുന്ന് വീതം കുത്തിവെയ്ക്കാനാണ് തീരുമാനം. ഞങ്ങൾ ഇപ്പോൾ കൊറോണ വൈറസ് ടീമായി കഴിഞ്ഞു. ഇത്തരമൊരു അടിയന്തര സാഹചര്യത്തിൽ എല്ലാവരും അവരവരുടെ സംഭാവന നൽകാൻ ആഗ്രഹിക്കുകയാണ്- പഠനത്തിന് നേതൃത്വം നൽകുന്ന ഡോ. ലിസ ജാക്സൺ പറഞ്ഞു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ തുടക്കമാണിത്. ഇനി വാക്സിൻ സുരക്ഷിതമാണെന്നും നന്നായി പ്രവർത്തിക്കുന്നുവെന്നും തെളിയിക്കേണ്ടതുണ്ട്.
ഗവേഷണം ഫലപ്രാപ്തിയിലെത്തിയാലും ഒന്നരവർഷം വരെ വാക്സിൻ വ്യാപകമായി ലഭ്യമാകില്ലെന്ന് യുഎസ് ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ആന്‍റണി ഫൗസി പറഞ്ഞു. mRNA-1273 എന്ന കോഡിൽ അറിയപ്പെടുന്ന വാക്സിൻ കാൻഡിഡേറ്റ് വികസിപ്പിച്ചെടുത്തത് നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടും മസാച്ചുസെറ്റ് ആസ്ഥാനമായ ബയോടെക്നോളജി കമ്പനിയായ മോഡേണയുമാണ്. കൊറോണ വാക്സിനുമായി ബന്ധപ്പെട്ട് മറ്റൊരു കാൻഡിഡേറ്റ് വികസിപ്പിച്ചെടുത്ത ഇനോവിയോ ഫാർമസ്യൂട്ടിക്കൽസ് അവരുടെ സുരക്ഷാ പഠനം അമേരിക്കയിലും ചൈനയിലും ദക്ഷിണകൊറിയയിലും അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്.