17 March, 2020 10:34:37 AM
ഇടുക്കിയില്‍ 75 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തില്‍; 840 വിദേശികള്‍ നിരീക്ഷണത്തില്‍
കൊച്ചി : കോവിഡ് 19 രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനുമായി മൂന്നാറില്‍ സമ്പര്‍ക്കം പുലര്‍ത്തിയ 150 പേര്‍ നിരീക്ഷണത്തില്‍. ഇയാള്‍ താമസിച്ച ടീ കൗണ്ടി ഹോട്ടലിലെ പനി ബാധിച്ച ആറു പേരടക്കം 75 ജീവനക്കാരോളം ഇപ്പോള്‍ തന്നെ നിരീക്ഷണ പരിധിയിലാണ്. ഇവര്‍ക്കൊപ്പം ഇടുക്കിയില്‍ വന്ന 840 വിദേശികളുമുണ്ട് നിരീക്ഷണത്തില്‍.
ജില്ലയിലെ ഹോട്ടലുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വിനോദ സഞ്ചാരികളുടെ കണക്ക് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ 75 പേര്‍ ഹൈ റിസ്‌ക്കില്‍ പെടുന്നവരാണ്. വിനോദസഞ്ചാര മേഖലകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും നല്‍കുന്നുണ്ട്. പോലീസും ആരോഗ്യവകുപ്പും ചേര്‍ന്നാണ് പരിശോധനകളും അനന്തര നടപടികളും നിര്‍വ്വഹിക്കുന്നത്. ബ്രിട്ടീഷ് പൗരനും സംഘവും കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടോ എന്ന പരിശോധനകളും നടത്തുകയാണ്.
അതിനിടയില്‍ കേരളത്തില്‍ പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് ഇന്ന് തയ്യാറാകും. കാസര്‍ഗോഡ് രണ്ടു പേര്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നും എത്തിയ ആള്‍ക്കാണ് കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ചത്. ഇയാളെയും കുടുംബത്തെയും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ദുബായില്‍ നിന്നും എയര്‍ഇന്ത്യ വിമാനത്തില്‍ 13 ാം തീയതി രാത്രിയില്‍ പുറപ്പെട്ട് 14 ന് മംഗലുരു വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ഇയാള്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചവരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലപ്പുറത്ത് നിന്നും ഉംറ തീര്‍ത്ഥാടനത്തിനായി പോയ രണ്ടു സ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്. ഇവരുമായി ഇടപഴകിയവരോട് കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. തിരുവനന്തപുരത്ത് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ജോലി നടന്നു വരികയാണ്. വര്‍ക്കലയില്‍ ഇറ്റാലിയന്‍ സ്വദേശിയുടെ റൂട്ടു മാപ്പ് തയ്യാറാക്കല്‍ ഇതുവരെ പൂര്‍ണ്ണമായിട്ടില്ല