16 March, 2020 10:25:42 AM
മകളെ ഭര്‍ത്താവിനൊപ്പം യാത്രയാക്കി; കൊറോണ ബാധിതനായ പിതാവിനെതിരെ കേസ്
ആഗ്ര: കൊറോണ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന മകളെ ഭർത്താവിനൊപ്പം യാത്ര ചെയ്യാൻ അനുവദിച്ചതിന് റെയിൽവേ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ആഗ്രയിലാണ് സംഭവം. ബംഗളൂരുവിൽ ഐടി ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പമാണ് യുവതി യാത്ര ചെയ്തത്. നേരത്തെ അച്ഛനും അമ്മയ്ക്കുമൊപ്പം യുവതി വിദേശയാത്ര കഴിഞ്ഞുവന്നതാണ്. ഇതിനുശേഷം നിരീക്ഷണത്തിലായിരുന്ന റെയിൽവേ ഉദ്യോഗസ്ഥനും ഭാര്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ മകൾ നിരീക്ഷണത്തിലായിരുന്നു. എന്നാൽ ഇത് മറച്ചുവെച്ച് മകളെ ഭർത്താവിനൊപ്പം ബംഗളുരുവിലേക്ക് വിടുകയായിരുന്നു.പിന്നീട് മകൾക്കും ഭർത്താവിനും രോഗബാധ സ്ഥിരീകരിച്ചു.
റെയിൽവേ ഉദ്യോഗസ്ഥനെതിരെ ആഗ്ര പൊലീസാണ് കേസെടുത്തത്. സെക്ഷൻ 269(ജീവൻ അപകടത്തിലാക്കുന്ന രോഗം വ്യാപിപ്പിക്കുന്നതിന്), സെക്ഷൻ 270(അറിയാമായിരുന്നിട്ടും ബോധപൂർവ്വം ജീവന് ഭീഷണിയുള്ള രോഗം പടർത്താൻ കാരണക്കാരനായി) തുടങ്ങിയ വകുപ്പുകളാണ് ചേർത്തിട്ടുള്ളത്. ഡൽഹിയിൽനിന്ന് ബംഗളുരുവിലേക്കും തിരിച്ചും വിമാനത്തിൽ യാത്ര ചെയ്ത യുവതി ഡൽഹിയിൽനിന്ന് ട്രെയിനിലാണ് ആഗ്രയിലെ വിട്ടിലേക്ക് പോയത്. ഇതിനുശേഷം രോഗലക്ഷണങ്ങൾ കൂടുതൽ പ്രകടമായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും രോഗബാധ സ്ഥിരീകരിക്കുന്നതും.
ആരോഗ്യവകുപ്പ് അധികൃതരോട് സഹകരിക്കാൻ റെയിൽവേ ഉദ്യോഗസ്ഥനും കുടുംബവും തയ്യാറായില്ലെന്നാണ് പ്രധാന ആരോപണം. രോഗ ലക്ഷണങ്ങൾ കണ്ടെത്തി ആദ്യം ആശുപത്രിയിലെത്തിയപ്പോൾ അവിടെ അഡ്മിറ്റ് ആകാൻ നിർദേശിച്ചെങ്കിലും കുടുംബം അതിന് തയ്യാറായിരുന്നില്ല. അവർ നിർബന്ധപൂർവ്വം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഉത്തർപ്രദേശിൽ 598 സാംപിളുകൾ പരിശോധിച്ചതിൽ 13 എണ്ണം പോസിറ്റീവാണ്. 107 എണ്ണത്തിന്‍റെ ഫലം വരാനുണ്ട്. സംസ്ഥാനത്ത് 19473 പേർ ആശുപത്രിയിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്.