15 April, 2016 02:58:23 PM
ഡയബറ്റിക് റെറ്റിനോപ്പതി
പ്രമേഹം മൂലം കണ്ണിന്‍റെ നേത്രാന്തര പടലത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപതി. ഇത് നേത്രാന്തരപടലത്തിലെ രക്തക്കുഴലുകള്‍ക്ക് നീര് വരാനും പുതിയ രക്തക്കുഴലുകള്‍ ഉണര്‍ന്നു വരികയും അതു പൊട്ടി കണ്ണിനുള്ളില്‍ രക്തസ്രാവം ഉണ്ടാവുകയും നേത്രാന്തര പടലം ഇളകി വരാനും കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ഡയബറ്റിക് റെറ്റിനോപ്പതിയുണ്ടെങ്കില്‍ തുടക്കത്തില്‍ അത് കാഴ്ചയെ ബാധിക്കില്ല. രണ്ട് കണ്ണിനെയും ബാധിക്കും. മുന്‍കൂട്ടിയുള്ള ചികിത്സ ഒരു പരിധിവരെ കാഴ്ച നഷ്ടപ്പെടുന്നത് കുറയ്ക്കാന്‍ സാധിക്കും.
ഡയബറ്റിക് റെറ്റിനോപതിയുടെ നാല് ഘട്ടങ്ങള്‍
മൈല്‍ഡ് നോണ്‍ പ്രോലിഫെറേറ്റീവ് റെറ്റിനോപതി : ഡയബറ്റിക് റെറ്റിനോപതിയുടെ ആദ്യഘട്ടമാണിത്. ഈ ഘട്ടത്തില്‍ രക്തക്കുഴലുകള്‍ വികസിച്ച് ബലൂണ്‍ പോലെയാകും. ഇതിനോടൊപ്പം ചെറയ രക്തക്കട്ടകളും കാണുന്നു. കണ്ണിന്‍റെ ഞരമ്പിന് ക്ഷതമേറ്റതിന്‍റെ പാടുകളും കാണാവുന്നതാണ്. ഈ ഘട്ടത്തില്‍ എല്ലാവര്‍ക്കും കാഴ്ച മങ്ങണമെന്നില്ല.
മോഡറേറ്റ് നോണ്‍പ്രോലിഫറേറ്റ് റെറ്റിനോപതി : ഇത് ഡയബറ്റിക് റെറ്റിനോപതിയുടെ രണ്ടാം ഘട്ടമാണ്. ഈ ഘട്ടത്തില്‍ മൈക്രോ അന്യൂറിസവും രക്തക്കട്ടകളും ഞരമ്പിന് ക്ഷതമേറ്റ പാടുകളും അധികമായി കാണപ്പെടുന്നു. ഇതുമൂലം കണ്ണിന്‍റെ ഞരമ്പിലെ രക്തയോട്ടം കുറയാനും കാഴ്ച മങ്ങാനുമുള്ള സാധ്യതയുണ്ട്.
സിവിയര്‍ നോണ്‍പ്രോലിഫറേറ്റീവ് റെറ്റിനോപതി : ഈ ഘട്ടത്തില്‍ കണ്ണിന്‍റെ നേത്രാന്തര പടലത്തില്‍ കൂടുതല്‍ ഭാഗത്ത് ഇത് ബാധിക്കുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. ഇതുമൂലം പുതിയ രക്തക്കുഴലുകള്‍ ഉണ്ടാകാനുള്ള പ്രവണതയുണ്ടാകുന്നു.
പ്രോലിഫറേറ്റീവ് റെറ്റിനോപതി : ഇത് ഡയബറ്റിക് റെറ്റിനോപതിയുടെ ഗുരുതരമായ അവസ്ഥയാണ്. ഈ ഘട്ടത്തില്‍ പുതിയ രക്തക്കുഴലുകള്‍ നേത്രാന്തര പടലത്തില്‍ വളരുകയും അത് കണ്ണിന്‍റെ ബാക്കിയുള്ള ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഇത് ചികിത്സിക്കാതിരുന്നാല്‍ കാഴ്ച മങ്ങി അന്ധതയ്ക്കിടയാക്കുകയും ചെയ്യും.