13 March, 2020 08:19:14 PM


കൊറോണ: കോട്ടയം മെഡിക്കൽ കോളജിൽ 2 പേർ കൂടി ചികിത്സയില്‍



കോട്ടയം: ജില്ലയില്‍ കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി രണ്ടു പേരേക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കോട്ടയം ജില്ലാ കലക്ടർ ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റി ലൂടെ അറിയിച്ചു.
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ 70കാരനെയും  ദുബായില്‍നിന്നെത്തിയ ഇടുക്കി സ്വദേശിനിയായ യുവതിയെയുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 


ഇവര്‍ ഉള്‍പ്പെടെ 11 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10 പേരും ജില്ലാ ആശുപത്രിയില്‍ ഒരാളുമാണുള്ളത്. പുതിയതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് നാലു പേരെ ഹോം ക്വാറന്‍റയിനില്‍നിന്ന് ഒഴിവാക്കി. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍നിന്ന് എത്തിയവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഉള്‍പ്പെടെ 155 പേര്‍ക്കുകൂടി ആരോഗ്യ വകുപ്പ് പൊതുസമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി. 


രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോട്ടയം സ്വദേശികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ(പ്രൈമറി കോണ്‍ടാക്ട്സ്) 11 പേരും പ്രൈമറി കോണ്‍ടാക്ടുകളുമായി ഇടപഴകിയ 51 പേരും(സെക്കന്‍ഡറി കോണ്‍ടാക്ട്സ്) ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയില്‍ ഹോം ക്വാറന്‍റയിനില്‍ ഉള്ളവരുടെ എണ്ണം 1051 ആയി. കോട്ടയത്തും എറണാകുളത്തും രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകളായി 112 പേരെയും സെക്കന്‍ഡറി കോണ്‍ടാക്ടുകളായി 427 പേരെയുമാണ്  ജില്ലയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K