13 March, 2020 05:12:35 PM
തിരുവനന്തപുരത്തും കൊറോണ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗബാധിതര്‍ 22 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ തിരുവനന്തപുരം സ്വദേശികളും ഒരാള്‍ തിരുവനന്തപുരത്തെത്തിയ ഇറ്റാലിയന്‍ പൗരനുമാണ്. ഇറ്റലിയില്‍ നിന്നും യു.കെയില്‍ നിന്നും വന്നവരാണ് രോഗം സ്ഥിരീകരിക്കപ്പെട്ട മലയാളികള്‍. ഇതില്‍ വെള്ളനാട് സ്വദേശിക്ക് വൈറസ് ബാധ സംശയിക്കുന്നതായി ഇന്നലെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 22 ആയി. സംസ്ഥാനത്ത് 5486 പേര്‍ നിരീക്ഷണത്തില്‍ ഉണ്ടെന്നും ജാഗ്രത തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ 10 നു സാംപിൾ ശേഖരിച്ചു നടത്തിയ പരിശോധനയിലാണു ഇറ്റലി സ്വദേശിക്കു രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ വർക്കല പാപനാശത്തെ സ്വകാര്യ റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇയാൾ. രോഗലക്ഷണങ്ങളെ തുടർന്നാണു പാരിപ്പള്ളി മെഡിക്കൽ കോളജിൽ കൊണ്ടു വന്നു സാംപിൾ ശേഖരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസ് വർക്കലയിലേക്കു തിരിച്ചു.
ഇതിനിടെ, കൊറോണ വൈറസ് പരിശോധനയുടെ ആദ്യഘട്ടത്തിൽ പോസിറ്റീവായി കണ്ടെത്തിയ തിരുവനന്തപുരം വെള്ളറട സ്വദേശിയെ നിരീക്ഷിക്കുന്നതിൽ ആരോഗ്യവകുപ്പിനു വലിയ വീഴ്ച സംഭവിച്ചെന്നും ആരോപണമുയര്‍ന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾത്തന്നെ ഐസലേഷനിൽ പാർപ്പിക്കാൻ താൻ നിർദേശിച്ചെങ്കിലും ആരോഗ്യവകുപ്പ് അധികൃതർ മുഖവിലയ്ക്കെടുത്തില്ലെന്ന് ഇയാള്‍ വെളിപ്പെടുത്തിയതായി ഒരു പ്രമുഖ മാധ്യമത്തിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ തൊണ്ടയിൽനിന്ന് സ്രവം ശേഖരിച്ചശേഷം മെഡിക്കൽ കോളജിൽ ഐസലേഷനിൽ പാര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പനി ഇല്ലാത്തതിനാൽ വീട്ടിലേക്കു വിട്ടു. ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് ഓട്ടോയിലാണ് വീട്ടിലേക്കു പോയതെന്ന് വെള്ളനാട് സ്വദേശി പറഞ്ഞു. ഇദ്ദേഹത്തിനു പിന്നാലെ, ഇറ്റലിയിൽനിന്ന് ജർമനി വഴി ഇന്നു രാവിലെ നാട്ടിലെത്തിയ ജ്യേഷ്ഠനെ (വല്യച്ഛന്‍റെ മകൻ) വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അധികൃതർ മെഡിക്കൽ കോളജിൽ ഐസലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ ഇതുവരെ 81 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ആഗോള മരണസംഖ്യ 5,043 ആയി ഉയർന്നു. ചൈനയിൽ 3,176 പേർ മരിച്ചു. ഇറ്റലിയിൽ 1,016 പേരും ഇറാനിൽ 514 പേരും മരിച്ചു. ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് ഈ മൂന്ന് രാജ്യങ്ങളിലാണ്.