13 March, 2020 11:02:54 AM
കോട്ടയത്ത് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; കൊറോണ സ്ഥിരീകരിച്ചിട്ടില്ല
കോട്ടയം: കോട്ടയത്ത് കോവിഡ്-19 സംശയത്തെ തുടർന്നു നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. കോട്ടയം ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. ചെങ്ങളം സ്വദേശികളായ രണ്ടുപേർ കോവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇറ്റലിയിൽനിന്നു വന്നവരിൽനിന്നാണ് ഇവർക്കു കോവിഡ്-19 ബാധിച്ചത്. ഇവരുമായി സെക്കൻഡ് സ്റ്റേജ് ബന്ധം പുലർത്തിയതിനെ തുടർന്നാണു ശശീന്ദ്രനെ നിരീക്ഷണത്തിലാക്കിയത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐസലേഷനില്‍ കഴിയുന്ന യുവാവിന്‍റെ പിതാവ് കൂടിയാണ് മരിച്ച ശശീന്ദ്രന്‍. ആരോഗ്യ വകുപ്പ് പരേതനെ സെക്കൻഡറി കോൺടാക്ടായി ലിസ്റ്റ് ചെയ്തിരുന്നു. പ്രത്യേകിച്ച് അസുഖം ഇല്ലാതിരുന്ന ഇയാൾ ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ആരോഗ്യ വകുപ്പ് അയച്ചു കൊടുത്ത ആംബുലൻസിൽ കയറ്റിയെങ്കിലും മെഡിക്കൽ കോളജിൽ എത്തുന്നതിനു മുൻപ് മരിച്ചു.
അതേസമയം, പക്ഷാഘാതമാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ശശീന്ദ്രന്റെ സ്രവങ്ങൾ എടുത്ത് സാമ്പിൾ പരിശോധനയ്ക്ക് അയക്കും. 2 ദിവസം കഴിഞ്ഞേ സ്ഥിരീകരണം വരൂ. അതിനുശേഷം മാത്രമേ വ്യക്തമായി എന്തെങ്കിലും പറയാൻ കഴിയൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതേസമയം, കൊറോണ ഭീതി മുൻകരുതൽ എടുത്ത് സുരക്ഷാ സൗകര്യങ്ങൾ ഉറപ്പാക്കിയാണു മൃതദേഹം സംസ്കരിക്കുക.
പ്രദേശത്തുനിന്നു ജനങ്ങളെ ഒഴിപ്പിച്ചു. ബന്ധുക്കളോടു മൃതദേഹത്തിൽനിന്ന് അകലം പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. സംസ്കാരത്തിൽ അധികമാരും പങ്കെടുക്കാൻ പാടില്ലെന്നും അറിയിച്ചു. അല്പസമയത്തിനകം പോസ്റ്റ്മോർട്ടം നടക്കും. ചെങ്ങളം സ്വദേശിയുടെ വീടിന്റെ നേരെ മുന്നിലെ വീടാണ്. ഇവർക്ക് കടയുണ്ട്. ഈ കടയിൽ ചെങ്ങളം സ്വദേശി സ്ഥിരമായി ഇടപെടുന്നതാണ്.