13 March, 2020 01:32:32 AM
കൊറോണ: കോട്ടയത്ത് നാലുപേരെ ആശുപത്രി നീരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി
കോട്ടയം: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ഐസോലേഷന്‍ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന നാലു പേരെ ഇന്നലെ ആശുപത്രിയിലെ നീരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും ജനറല്‍ ആശുപത്രിയില്‍നിന്നും രണ്ടു പേരെ വീതമാണ് ഒഴിവാക്കിയത്. ഇനി ഒന്‍പതു പേരാണ് ആശുപത്രികളിലുള്ളത്. പുതിയതായി ആരെയും ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതിയതായി ഒരാളുടെയും നേരത്തെ നെഗറ്റീവാണെന്ന് കണ്ടെത്തിയ നാലുപേരുടെയും സാമ്പിളുകള്‍ ഇന്നലെ പരിശോധനയ്ക്കയച്ചു.
കോട്ടയം ജില്ലയില്‍ വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 942 ആയി. ഇതില്‍ 465 പേര്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത വിദേശ രാജ്യങ്ങളില്‍നിന്ന് എത്തിയവരാണ്. വിദേശത്തുനിന്നെത്തിയ 155 പേര്‍ക്കാണ് ഇന്നലെ ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചത്. കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 59 പേരും എറണാകുളത്തെ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 42 പേരും ഉള്‍പ്പെടെ പ്രൈമറി കോണ്‍ടാക്ട്സ് വിഭാഗത്തില്‍ പെടുന്ന 101 പേരെ കണ്ടെത്തി ഹോം ക്വാറന്‍റയിനിലാക്കിയിട്ടുണ്ട്. പ്രൈമറി കോണ്‍ടാക്ടുകളുമായി അടുത്ത് ഇടപഴകിയ സെക്കന്‍ഡറി കോണ്‍ടാക്ട്സ് പട്ടികയിലുള്ള 376 പേരും വീടുകളില്‍ നിരീക്ഷണത്തിലുണ്ട്.
വാട്സാപ്പില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
മീനടം മേഖലയില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന വ്യാജ സന്ദേശം വാട്സാപ്പില്‍ പോസ്റ്റു ചെയ്തയാളെ പോലീസ് അറസ്റ്റു ചെയ്തു. പാമ്പാടി വട്ടമലപ്പടി കുളത്തുംകുഴിയില്‍ നിസാറി(46)നെയാണ് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം അറസ്റ്റു ചെയ്തത്. വ്യാജ സന്ദേശത്തിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പരത്താന്‍ ശ്രമിച്ചതിനാണ് നടപടി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ആരോഗ്യ വകുപ്പില്‍നിന്ന് ലഭിച്ച വിവരം എന്ന രീതിയിലാണ് വാട്സാപ്പില്‍ വോയ്സ് മെസേജ് പോസ്റ്റ് ചെയ്തത്. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.