12 March, 2020 04:16:25 PM
പാലാരിവട്ടം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
കൊച്ചി: പാലാരിവട്ടം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി അശോക് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികളുമായി പണമിടപാട് നടത്തിയതായുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പണമിടപാട് നടത്തുന്നതില്‍ ഇടനിലക്കാരനായിരുന്ന ഫോര്‍ട്ട് സി ഐ ഷെറിക്കിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയുടേതാണ് നടപടി. ഇരുവര്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു.
പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികളുമായി പണമിടപാട് നടത്തിയിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഡി വൈ എസ് പി അശോക് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ നീക്കുകയായിരുന്നു. അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരേ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന ആക്ഷേപം ഡി വൈ എസ് പി അശോക് കുമാറിനെതിരേ ഉയര്‍ന്നിരുന്നു. കൂടാതെ അന്വേഷണത്തെ തടസപ്പെടുത്തുന്ന രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കുന്നതായി പ്രോസിക്യൂഷനടക്കം പരാതികള്‍ ഉന്നയിച്ചിരുന്നു.