12 March, 2020 03:31:27 PM


കോവിഡ് 19: മൂന്ന് ജില്ലകളില്‍ വൈറസ് ബാധ സംശയിച്ച 17 പേരുടെ ഫലം നെഗറ്റീവ്



കോഴിക്കോട്: കോവിഡ് 19 വൈറസ് ബാധ സംശയിച്ച് കോഴിക്കോട്. കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിരീക്ഷണത്തിലുള്ള 17 പേരുടെ ഫലം നെഗറ്റീവ്. അതേസമയം കോട്ടയത്ത് രോഗം സ്ഥിരീകരിച്ച രണ്ട് വൃദ്ധരായ രോഗികളുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പ്രായത്തിന്‍റേതായ അവശതകളുള്ളതിനാല്‍ രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.  


കോഴിക്കോട് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ള പത്ത് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ബുധനാഴ്ച വരെയുള്ള പരിശോധന ഫലമാണിത്. ഇവരില്‍ അഞ്ച് പേര്‍ മെഡിക്കല്‍ കോളേജിലും അഞ്ച് പേര്‍ ബീച്ച് ആശുപത്രിയിലുമായിരുന്നു നിരീക്ഷണത്തിലുള്ളത്. കോട്ടയം  ജില്ലയില്‍ നിരീക്ഷണത്തിലുള്ള ഏഴ് പേര്‍ക്ക് വൈറസ് ബാധയില്ലെന്നും സ്ഥിരീകരിച്ചു.


പത്തനംതിട്ടയില്‍ രണ്ട് പേരുടെ പരിശോധന റിപ്പോര്‍ട്ട് നെഗറ്റീവാണ്. വൈറസ് ബാധിതരുമായി ഏറ്റവും അടുത്ത സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 165 പേരെ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച നെഗറ്റീവ് ഫലം വന്ന രണ്ട് പേരും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. പന്ത്രണ്ട് പേരുടെ ഫലങ്ങള്‍ കൂടി ഇന്ന് ലഭിച്ചേക്കും. നിലവില്‍ 27 പേരാണ് ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.


വൈറസ് ബാധ സംശയിച്ച് കൊല്ലത്ത് രണ്ടുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 12 പേരാണ് നിലവില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികള്‍ എത്തിയ പുനലൂരിലെ ബേക്കറിയിലെ രണ്ട് ജീവനക്കാരും ഇവരില്‍ ഉള്‍പ്പെടുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K