11 March, 2020 11:18:30 PM
ചന്ദ്രികയിലെ റെയ്ഡ്: പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട 34 രേഖകൾ പിടിച്ചെടുത്തെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ കോഴിക്കോട് ഓഫീസിലെ വിജിലൻസ് റെയ്ഡ് പാലാരിവട്ടം പാലം അഴിമതിയുടെ തെളിവുകൾ തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിലെ സഹപ്രവർത്തകർ പ്രതികളാകാൻ നമ്മളാരും ആഗ്രഹിക്കില്ല. എന്നാൽ നിയമം നിയമത്തിന്‍റെ വഴിക്കു സഞ്ചരിക്കും. അതിന് നമുക്കാർക്കും തടസ്സം നിൽക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാരിവട്ടം കേസിൽ ഇബ്രാഹിംകുഞ്ഞ് പ്രതിയാണ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചിട്ടുമുണ്ട്. 13 രേഖകളും സമർപ്പിച്ചിട്ടുണ്ട്. രണ്ടു തവണയായി 10 കോടി രൂപ ചന്ദ്രികയുടെ കൊച്ചി പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി കണ്ടെത്തി. ഇത് ഇബ്രാഹിം കുഞ്ഞിന്‍റെ പണമാണെന്ന് ആരോപണം വന്നു. അത് കണ്ടെത്താനാണ് വിജിലൻസ് കോടതിയുടെ സെർച്ച് വാറണ്ടുമായി പരിശോധന നടത്തിയത്. പരിശോധനയിൽ 34 രേഖകൾ പിടിച്ചെടുത്തു. രണ്ട് സി ഡി യും ഒരു ഹാർഡ് ഡിസ്കും പിടിച്ചെടുത്തിട്ടുണ്ട്. ഇത് കോടതിയിൽ ഹാജരാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയ്ഡ് ചന്ദ്രിക പത്രത്തിന് എതിരേ അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചന്ദ്രികയിലെ റെയ്ഡിൽ പ്രതിപക്ഷ എം എൽ എ മാർ പ്രതിഷേധിച്ചു. മോദിയുടേയും അമിത് ഷായുടേയും നയമാണ് കേരളത്തിലെന്നും ചന്ദ്രിക ഓഫീസിലെ വിജിലൻസ് റെയ്ഡ് അതിനു തെളിവാണെന്നും പി. ഉബൈദുള്ള പറഞ്ഞു. എന്നാൽ റെയ്ഡല്ല, കണക്കു പരിശോധന മാത്രമാണ് നടന്നതെന്നും റെയ്ഡ് നടന്നു എന്ന പ്രതീതി പരത്താൻ ശ്രമമുണ്ടായെന്നും എം.കെ.മുനീർ പറഞ്ഞു. റെയ്ഡ് നടന്നെങ്കിൽ എന്തുകൊണ്ട് ചന്ദ്രിക അത് വാർത്തയാക്കിയില്ലെന്ന് എ.കെ.ബാലൻ ചോദിച്ചു.