11 March, 2020 09:31:30 PM
ഇന്ന് സംസ്ഥാനത്തിന് ആശ്വാസം: പോസിറ്റീവ് കേസുകളില്ല; 3313 പേർ നിരീക്ഷണത്തിൽ
തിരുവനന്തപുരം: കോവിഡ് ബാധയിൽ സംസ്ഥാനത്തിന് ആശ്വാസം. ഇന്ന് കേരളത്തിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. 1179 സാമ്പിളുകൾ അയച്ചു. 889 റിസൾട്ട് നെഗറ്റീവ്. 273 റിസൾട്ട് ലഭിക്കാനുണ്ട്- മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോഴിക്കോട് ജില്ലകളിൽ പരിശോധന ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 3,313 പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി.
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 12 ആയി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും എറണാകുളം സിറ്റിയിലെ ചേരാനെല്ലൂര്‍, പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മലപ്പുറം സ്വദേശി അബൂബക്കര്‍ അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് റൂറലിലെ കാക്കൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിചിന്‍ കൃഷ്ണ, ആദര്‍ശ് എന്നിവര്‍ അറസ്റ്റിലായത്.
കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴു പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മൂന്നു പേരുടെയും ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെയും വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ കഴിയുന്ന മൂന്നു പേരുടെയും സാമ്പിളുകളാണ് പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ദമ്പതികളുടെ കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു.
കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതും, ജീവനക്കാരുടെ ജോലി സമയം, അവധി അനുവദിക്കല്‍ മുതലായവയും സംബന്ധിച്ച് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
സ്വകാര്യ റിസോര്‍ട്ടുകള്‍, ഫിസിയോ തെറാപ്പി സെന്ററുകള്‍, സ്പാ സെന്ററുകള്‍ , റസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാസ്‌ക്, ഗ്ലൗസ് എന്നിവയടക്കമുളള മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടിവരുന്നതായും രോഗ ബാധിത പശ്ചാതലത്തില്‍ അവധി അനുവദിക്കാതിരിക്കുന്നതായും ഇക്കാരണങ്ങളാല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായുമുള്ള ജീവനക്കാരുടെ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി