10 March, 2020 11:32:50 AM
കൊറോണ: ട്രയിന്‍, ബസ് യാത്രകളും സിനിമയും പൊതുചടങ്ങുകളും നിയന്ത്രിക്കണം
കോട്ടയം: കൊറോണ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ട്രെയിനുകള്‍, ബസുകള്‍ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ മതിയെന്ന് കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ബാബു. ഇങ്ങനെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ആരോഗ്യ വകുപ്പിന്‍റെ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക. പൊതു ചടങ്ങുകള്‍, ആരാധനാലയങ്ങള്‍, സിനിമ തിയേറ്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുചേരുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഈ നിര്‍ദേശം പാലിക്കുമെന്ന് കോട്ടയം നാഗമ്പടം സെന്‍റ് ആന്‍റണീസ് തീര്‍ത്ഥാടന കേന്ദ്രം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയില്‍ കൊറോണ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഒന്‍പതു പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഏഴു പേരാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉള്ളത്. ഒരാള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ് ഐസൊലേഷനില്‍ കഴിയുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ എട്ടു പേര്‍ക്കു കൂടി ആരോഗ്യ വകുപ്പ് ഇന്നലെ ഹോം ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ഇതോടെ ജില്ലയില്‍ വീടുകളില്‍ ജനസമ്പര്‍ക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 91 ആയി. വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും സംശയ നിവാരണത്തിനുമായി 0481 2304800, 1077 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.