09 March, 2020 08:00:31 PM
5 രൂപയുടെ മാസ്കിന് 150 രൂപ; സാനിറ്റൈസറിനും മാസ്കിനും ആശുപത്രികളിലും ക്ഷാമം
കോട്ടയം: കേരളം കൊറോണാ ഭീതിയിലാഴ്ന്നതോടെ ഫേസ് മാസ്കും സാനിറ്റൈസറും കടകളില്‍നിന്നും അപ്രത്യക്ഷമാകുന്നു. അഥവാ എവിടെങ്കിലും ലഭിച്ചാല്‍ തന്നെ 'വസ്തുവിറ്റ് വാങ്ങേണ്ട അവസ്ഥ'യാണ് സംജാതമായിരിക്കുന്നത്. 5 രൂപയ്ക്ക് വിറ്റിരുന്ന മാസ്കിന് ദിവസങ്ങള്‍ കൊണ്ട് 150 രൂപ വരെയെത്തി. മാസ്കിന് വിലകൂട്ടി വിറ്റാല്‍ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നടപടികള്‍ കാര്യമായി എങ്ങും എത്തിയിട്ടില്ല. സാനിറ്റൈസറിനും മാസ്കിനും ആശുപത്രികളിലും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി.
കൊറോണയുടെ പേരില്‍ വിലകൂട്ടുക എന്ന ലക്ഷ്യത്തോടെ ഇവയുടെ പൂഴ്ത്തിവെയ്പ് നടക്കുന്നുണ്ടോ എന്ന് തെള്ളകത്തെ ഒരു ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചു. കൊറോണയുടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഏഴ് പേരെ ഐസൊലേഷന്‍വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുള്ള കോട്ടയം മെഡിക്കല്‍ കോളേജിലും സ്ഥിതി മറിച്ചല്ല. ആശുപത്രി പരിസരത്തെ കടകളിലും മരുന്നിന് പോലും മാസ്കും സാനിറ്റൈസറും കിട്ടാനില്ല.
ഏറ്റുമാനൂരിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ 3 രൂപയ്ക്ക് വിറ്റിരുന്ന മാസ്ക് 20 രൂപയ്ക്കാണ് തിങ്കളാഴ്ച വിറ്റ് തീര്‍ത്തത്. വൈകിട്ടെത്തിയവര്‍ക്ക് അതും ലഭിക്കാതായി. തെള്ളകത്തെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ മാസ്ക് കഴിഞ്ഞുവെങ്കിലും 150 രൂപയ്ക്കാണ് വിറ്റുവന്നതെന്നാണ് പറഞ്ഞത്. ചൈനയില്‍ നിന്നാണ് മാസ്കുകള്‍ കൂടുതലും ഇവിടേക്ക് വന്നിരുന്നതെന്നും കൊറോണ പടര്‍ന്നതോടെ ഇവ ലഭ്യമല്ലാതായതാണ് വില കൂടാന്‍ കാരണമെന്നുമാണ് കടക്കാരുടെ വിശദീകരണം. ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി മുതലെടുത്ത് ഗുണനിലവാരം കുറഞ്ഞ മാസ്കുകളും മാര്‍ക്കറ്റില്‍ സുലഭമായിരുന്നുവെന്ന് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ തന്നെ പറയുന്നു. ഈ ഒരു സംശയം ആശുപത്രി അധികൃതരും പ്രകടിപ്പിക്കുന്നുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ മാസ്കുകളുടെയും സാനിറ്റൈസറിന്‍റെയും ലഭ്യത കുറഞ്ഞത് ഏറെ ഭീഷണി ഉയര്‍ത്തുന്നുണ്ട്. മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളിലായി ദിനംപ്രതി എത്തുന്ന നൂറുകണക്കിന് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഭീഷണിയുടെ നിഴലിലാണ്. ഇതിന് പുറമെയാണ് ആശുപത്രിയിലെ കെട്ടിടനിര്‍മ്മാണത്തിനും ഇതര ജോലികള്‍ക്കും മറ്റുമായി പുറത്തുനിന്ന് എത്തുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും.
വ്യപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
കൊറോണ വൈറസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്കിനും സാനിറ്റൈസറിനും അമിത വില ഈടാക്കുന്നതായുള്ള പരാതി വ്യാപകമായതിനെത്തുടര്‍ന്ന് കോട്ടയം നഗരത്തിലും മെഡിക്കല്‍ കോളേജ് പരിസരത്തും ചങ്ങനാശേരിയിലും വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. അഡീണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍റെയും കോട്ടയം തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബുവിന്‍റെയും നേതൃത്വത്തില്‍ രണ്ടു സംഘങ്ങളായാണ് പരിശോധന നടത്തിയത്.
വില്‍പ്പന നികുതി ഇന്‍റലിജന്‍സ് വിഭാഗം, ആരോഗ്യ വകുപ്പ്, ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫീസ്, പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. കടകളിലെ സ്റ്റോക്കിലും ഇവ വില്‍ക്കുന്ന വിലയിലും അപാകത കണ്ടെത്തിയിട്ടുണ്ട്. വില്‍പ്പന നികുതി വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്നും എ.ഡി.എം അറിയിച്ചു.