09 March, 2020 12:07:34 AM
കോവിഡ്-19 ഭീതിയില്‍ കേരളം: ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍ നിര്‍ബന്ധമായും
തിരുവനന്തപുരം: കേരളത്തില്‍ പത്തനംതിട്ട ജില്ലയില്‍ അഞ്ചുപേര്‍ക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനമൊട്ടാകെ കനത്ത ജാഗ്രതയിലാണ്. ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തി വ്യാപനം തുടരുന്ന വൈറസ് രോഗത്തെ തുരത്താന്‍ നാമോരോരുത്തരും മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുണ്ട്. കോവിഡ്-19ന്‍റെ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ശ്രദ്ധിക്കാന്‍ മടിക്കരുത് ഒട്ടും ഈ കാര്യങ്ങള്‍
1) കോവിഡ് -19 ബാധിത രാജ്യങ്ങളില്‍ നിന്നും യാത്രാ ചരിത്രമുള്ളവര്‍ അല്ലെങ്കില്‍ അത്തരം യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍, വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. അവരുടെ സ്വയം നിരീക്ഷണം സമൂഹത്തിന്‍റെയും അവരുടെ കുടുംബത്തിന്‍റെയും തങ്ങളുടെയും നന്മയ്ക്കുള്ള യഥാര്‍ത്ഥ പ്രാര്‍ഥനയാണ്.
2) ഹാന്‍ഡ് റെയിലിങ്ങുകളില്‍ (ഉദാ: ആരാധനാലയങ്ങളിലെ ക്യൂ സമ്പ്രദായത്തിന് വേണ്ടി ഒരിക്കിയിട്ടുള്ള കമ്പി) കഴിയുന്നിടത്തോളം തൊടരുത്. റെയിലിങ് പോലുള്ള സ്ഥലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം കൈ കഴുകുക.
3) ആരാധനാലയങ്ങളില്‍ ദര്‍ശനത്തിനായി തിരക്കുകൂട്ടരുത്. പിന്നില്‍ നിന്നും മുന്നില്‍ നിന്നും വ്യക്തിയില്‍ നിന്ന് ഒരു കൈ അകലം എങ്കിലും പാലിച്ച് ക്യൂവില്‍ പോകുക.
4) ആലിംഗനം അല്ലെങ്കില്‍ ഷേക്ക്ഹാന്‍ഡ് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക.
5) നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
6) ചുമ, പനി, ശ്വാസം മുട്ട് അല്ലെങ്കില്‍ വൃക്ക, കരള്‍ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവര്‍ ആരാധനാലയങ്ങളില്‍ ദര്‍ശനം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം.
7) ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക. മാസ്കുകള്‍ പരമാവധി ഉപയോഗിക്കുക.
8) രോഗികളുമായി സമ്പര്‍ക്കം ഒഴിവാക്കുക, ധാരാളം വെളളം കുടിക്കുക, പുകവലി ഒഴിവാക്കുക.
9) ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. അഥവാ ഒഴിവാക്കാന്‍ പറ്റാത്ത സാഹര്യങ്ങളില്‍ ആശുപത്രികളില്‍ പോകേണ്ടിവന്നാല്‍ മാസ്കും സാനിട്ടൈസറും നിര്‍ബന്ധമായും ഉപയോഗിക്കുക. മാസ്ക് ധരിക്കുന്നതിനുമുമ്പും ഊരിമാറ്റിയതിനുശേഷം കൈകള്‍ സാനിട്ടൈസര്‍ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ഒരു തവണ ഉപയോഗിച്ച് ഊരിമാറ്റിയ മാസ്ക് വീണ്ടും ധരിക്കാതിരിക്കുക. മാസ്ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചിട്ടയായി പാലിക്കുക.