08 March, 2020 11:20:20 PM
കൊറോണ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കോട്ടയം സ്വദേശികള്‍ ആശുപത്രിയില്‍
കോട്ടയം: പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കോട്ടയം ജില്ലയില്‍നിന്നുള്ള മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടര്‍ സുധീര്‍ബാബു അറിയിച്ചു. ഇതിനു പുറമെ വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ എട്ടു പേര്‍ക്ക് വീട്ടില്‍ ജനസമ്പര്‍ക്കമില്ലാതെ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ജില്ലയില്‍ 83 പേരാണ് ഹോം ക്വാറന്‍റയിനില്‍ കഴിയുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തുകയും തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്തു. ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കളക്ടര്‍ അറിയിച്ചു. രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കം മുഖേന പകരാനുള്ള സാധ്യത മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണം. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രോഗലക്ഷണങ്ങളുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും എത്തിച്ച് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സംശയം തോന്നിയാല്‍ പൊതുസമ്പര്‍ക്കമില്ലാതെ താത്കാലികമായി പ്രവേശനം നല്‍കുകയും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും വേണം. കളക്ടര്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നിര്‍ബന്ധമായും ജനസമ്പര്‍ക്കം ഒഴിവാക്കി 28 ദിവസം വീട്ടില്‍തന്നെ കഴിയണം. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ വകുപ്പില്‍ അറിയിക്കണം. വകുപ്പ് അയയ്ക്കുന്ന വാഹനങ്ങളില്‍ മാത്രമേ ആശുപത്രികളില്‍ എത്താവൂ. പനി, ജലദോഷം, ശ്വാസതടസം എന്നിവ അനുഭവപ്പെടുന്നവര്‍ പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതും വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുകയും വേണം. തിരക്കുള്ള സ്ഥലങ്ങളില്‍ പോകുന്നവര്‍ തിരികെയെത്തുമ്പോള്‍ കയ്യും മുഖവും ശുചിയാക്കുവാന്‍ ശ്രദ്ധിക്കണം.