08 March, 2020 03:37:58 PM
കൊറോണ: കോട്ടയത്തും ആശങ്ക; രോഗബാധിതരെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചത് കോട്ടയം സ്വദേശികള്‍
റാന്നിയിലെ മൂന്ന് പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥന ഒഴിവാക്കി
കോട്ടയം: പത്തനംതിട്ടയിൽ കൊറോണ സ്ഥിരീകരിച്ചവരെ എയർപോർട്ടിൽ സ്വീകരിച്ച കോട്ടയം സ്വദേശികളായ ബന്ധുക്കളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇവരെ മെഡിക്കൽ സംഘം വീട്ടിലെത്തി പരിശോധിക്കുന്നു. കൊറോണ ലക്ഷണങ്ങൾ കാണിച്ചാൽ ഐസലേഷൻ വാർഡിലേക് ഇവരെ മാറ്റുമെന്ന് കോട്ടയം കളക്ടർ പികെ സുധീർ ബാബു പറഞ്ഞു. കോട്ടയം നഗരത്തിലാണ് ഇവർ താമസിക്കുന്നത്.
ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതികളേയും 22-കാരനായ മകനേയും കോട്ടയത്തെ ബന്ധുക്കളാണ് വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയത്. ഇവര്‍ പത്തനംതിട്ട എസ്പി ഓഫീസിലും പുനലൂരിലെ ബന്ധുവീട്ടിലും സന്ദര്‍ശനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കൊറോണ ബാധിച്ചവരുടെ ഇടവക പള്ളി ഉൾപ്പെടെ റാന്നിയിലെ മൂന്ന് പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥന ഒഴിവാക്കി.
കൊറോണ സ്ഥിരീകരിച്ച കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ എട്ടു മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ഓരോ സംഘത്തിലും രണ്ടു ഡോക്ടർമാരുമുണ്ടാകും. ഇന്നു വൈകുന്നേരത്തോടെ രോഗം സ്ഥിരീകരിച്ചവര്‍ സമ്പര്‍ക്കം പുലര്‍ത്തയവരുടെ പൂര്‍ണ്ണ പട്ടിക തയാറാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ വ്യക്തമാക്കി.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുളളവരുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെങ്കിലും വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ ഇറ്റലിയില്‍ നിന്നും വന്ന ശേഷം എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ബന്ധുവീട്ടില്‍ വന്ന രണ്ടു പേര്‍ പനിയായി ആശുപത്രിയില്‍ വന്നപ്പോഴാണ് ഇറ്റലിയില്‍ നിന്നും വന്നവരുണ്ടെന്ന് അറിഞ്ഞത്. ഉടന്‍ തന്നെ അവരോട് ആശുപത്രിയില്‍ അടിയന്തമായി മാറാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം അവഗണിക്കുകയാണുണ്ടായത്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഇവരെ നിരീക്ഷണത്തിലാക്കി സാമ്പിളെടുത്ത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്.
ആരോഗ്യ വകുപ്പ് നേരത്തെ ജാഗ്രത നിര്‍ദേശം നല്‍കിയതാണ്. കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. അതവര്‍ കേള്‍ക്കാത്തതിന്‍റെ ഫലമാണിത്. പോസിറ്റീവ് കേസാണെന്ന് അറിഞ്ഞയുടന്‍ പത്തനംതിട്ട ജില്ല കളക്ടറും ജില്ല മെഡിക്കല്‍ ഓഫീസറും ശക്തമായ നടപടി സ്വീകരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തു. ഇന്ന് വൈകുന്നേരത്തോടെ ഇവര്‍ പോയ സ്ഥലങ്ങളും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകളേയും കണ്ടെത്തും.
കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. അല്ലെങ്കില്‍ കുറ്റകരമായി കണക്കാക്കും. അയല്‍പക്കക്കാരും അറിയിക്കാന്‍ ശ്രദ്ധിക്കണം. സമൂഹമാകെ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്തില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണം. ശക്തമായ നിരീക്ഷണം നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.
ആറ്റുകാല്‍ പൊങ്കാല നടക്കുകയാണ്. ഇത്രയും മാസങ്ങള്‍ നടത്തിയ ഒരുക്കങ്ങള്‍ ഉള്ളതിനാല്‍ നിര്‍ത്തി വയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം. രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുത്. രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ക്ലിപ്പിംഗ് അടക്കം എടുക്കുന്നതാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സമ്പര്‍ക്കത്തിലുള്ള ആളുകളെ കണ്ടെത്താന്‍ ഇത് എളുപ്പമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.