01 March, 2020 01:01:45 PM
കൊട്ടിയൂര്‍ പീഡനം: ഫാ.റോബിന്‍ വടക്കുംചേരിയെ സഭയില്‍ നിന്ന് പുറത്താക്കി മാര്‍പ്പാപ്പ
കല്‍പ്പറ്റ: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി ഫാ.റോബിന്‍ വടക്കുചേരിയെ സഭയില്‍ നിന്ന് പുറത്താക്കി. ഇതുസംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് വത്തിക്കാനില്‍ നിന്ന് ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ മാനന്തവാടി രൂപത ബിഷപ്പ് ഫാ.റോബിനെ വൈദികവൃത്തിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് റോബിന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് റോബിനെ വൈദികവൃത്തിയില്‍ നിന്ന് നീക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കി വത്തിക്കാന് രൂപത റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മാനന്തവാടി രൂപത നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് വൈദികവൃത്തിയില്‍ നിന്നുള്‍പ്പെടെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് വത്തിക്കാന്‍ പുറത്തിറക്കിയത്. വത്തിക്കാന്റെ ഉത്തരവ് റോബിന്റെ കൈയില്‍ ലഭിച്ചതോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായത്. ഇതോടെയാണ് രൂപത ഔദ്യോഗികമായി ഫാ.റോബിനെ പുറത്താക്കിയ വിവരം അറിയിച്ചിരിക്കുന്നത്.
പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നതാണ് റോബിന്‍ വടക്കുംചേരിയുടെ പേരിലുള്ള കേസ്. റോബിന്‍ വടക്കുംചേര വൈദികനായിരുന്ന കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ പള്ളിമേടയില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളെ സ്വാധീനിച്ചു കുഞ്ഞിന്റെ പിതൃത്വം പെണ്‍കുട്ടിയുടെ പിതാവില്‍ ആരോപിക്കാനും ഗൂഢശ്രമം നടന്നിരുന്നു. കേസില്‍ റോബിന് 20 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷ രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുകയില്‍ പകുതി പെണ്‍കുട്ടിക്കു നല്‍കണമെന്നും കോടതി വിധിച്ചിരുന്നു.
കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ കുട്ടിയെ സ്വന്തം മുറിയില്‍വെച്ചാണ് ഫാ.റോബിന്‍ പീഡിപ്പിച്ചത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയുടെ പ്രസവം. ചൈല്‍ഡ് ലൈന് ലഭിച്ച രഹസ്യ വിവരം പോലീസിനു കൈമാറിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2017 ഫെബ്രുവരിയില്‍ റോബിനെ കസ്റ്റിയിലെടുക്കുകയായിരുന്നു.