24 February, 2020 09:36:30 PM
കോച്ചിങ് സെന്‍ററുകളിലെ റെയ്ഡ്; അണ്ടർ സെക്രട്ടറി തയ്യാറാക്കിയ പരീക്ഷാ സഹായി പിടിച്ചെടുത്തു
തിരുവനന്തപുരം: പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് വേണ്ടി പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി തയ്യാറാക്കിയ പരീക്ഷാ സഹായി പിടിച്ചെടുത്തു. വിജിലൻസ് അന്വേഷണം നേരിടുന്ന രഞ്ജൻ രാജ് തയ്യാറാക്കിയ പരീക്ഷാ സഹായിയാണ് വിജിലൻസ് പിടിച്ചെടുത്തത്. സർക്കാർ അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് ഇയാൾക്കെതിരെ നടപടിയുണ്ടാകും. നിലവിൽ മുന്നോക്ക വികസന കോർപ്പറേഷനിൽ ഡെപ്യൂട്ടഷനിലാണ് രഞ്ജൻ രാജ്.
പിഎസ് സി പരിശീലന കേന്ദ്രം നടത്തിപ്പുകാരനായ ഷിബു കെ നായരുടേയും രഞ്ജൻ രാജിന്റേയും മൊഴിയെടുത്തു. വിജിലൻസ് പ്രത്യേക യൂണിറ്റ് ഡി വൈ എസ് പി ജെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. അക്ഷയ, വീറ്റോ എന്നീ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് ഇവർ സമ്മതിച്ചതായാണ് സൂചന. ഷിബു കെ നായർ 2013-മുതൽ അവധിയിലാണ്. ഇരുവരോടും പൊതുഭരണ വകുപ്പ് സെക്രട്ടറി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഷിബുവിന്റെയും രഞ്ജന്റെയും സ്വത്ത് വിവരങ്ങളും വിജിലൻസ് പരിശോധിക്കുന്നുണ്ട്.
സംസ്ഥാനത്തെ പരിശീലന കേന്ദ്രങ്ങളിൽ പരിശീലകരായി എത്തുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മുഴുവൻ വിവരങ്ങളും വിജിലൻസ് ശേഖരിക്കും. അതേസമയം പരിശീലന കേന്ദ്രങ്ങളിൽ പബ്ലിക് സർവീസ് കമ്മിഷന്‍റെ ചുരുക്കപ്പേര് ഉപയോഗിച്ച് പരസ്യം ചെയ്യുന്നത് പി എസ് സി വിലക്കി. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കണമെന്ന് പി എസ് സി യോഗം സർക്കാരിനോടും പൊലീസിനോടും ആവശ്യപ്പെട്ടു.