20 February, 2020 10:58:50 PM
കൊറോണ ബാധ: ജപ്പാനില്‍ പിടിച്ചിട്ട ആഡംബരക്കപ്പലിലെ രണ്ടു വയോധികര്‍ മരിച്ചു
ടോക്കിയോ: ജപ്പാനില്‍ 'കോവിഡ് -19' ബാധയെ തുടര്‍ന്ന് തടഞ്ഞുവെച്ച 'ഡയമണ്ട് പ്രിന്‍സസ്' ആഡംബരക്കപ്പലിലുണ്ടായിരുന്ന രണ്ടു യാത്രക്കാര്‍ മരിച്ചു. 80നുമേല്‍ പ്രായമുള്ള ഇരുവരും ജപ്പാന് പൗരന്മാരാണ്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കപ്പലില്‍ 621 പേര്‍ക്ക് 'കോവിഡ് -19' സ്ഥിരീകരിച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയയില്‍ വ്യാഴാഴ്ച ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ വൈറസ് ബാധയേറ്റവരുടെ എണ്ണം കൂടുന്നതായാണ് വിവരം. ദക്ഷിണ കൊറിയയില്‍ മൊത്തം 82 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ഒരു പ്രത്യേക വിശ്വാസ ഗ്രൂപ്പില്‍ അംഗമായവര്ക്കിടയിലാണ് കൊറോണ ബാധ കൂടുതലായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് രോഗബാധ കണ്ടെത്തിയ ഇവരുടെ ദെയ്ഗു എന്ന സ്ഥലത്തെ കേന്ദ്രം അടച്ചുപൂട്ടി.
ചൈനയില്‍ ഇതുവരെ കൊറോണ മൂലം 2,118 പേര് മരിച്ചു. എന്നാല്‍, പുതുതായി രോഗബാധയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ നല്ല കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം പുതുതായി 394 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ചത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. ചൈനക്ക് പുറത്ത് മൊത്തം ആയിരത്തോളം പേര്‍ക്ക് 'കോവിഡ് -19' ബാധിച്ചതായാണ് കണക്ക്. ഇറാനിലെ ഖും നഗരത്തില്‍ രണ്ടുപേര്‍ വൈറസ് ബാധിച്ച് മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഈ മേഖലയിലെ ആദ്യ കൊറോണ മരണമാണിത്.