19 February, 2020 02:39:39 PM


'ആ ശങ്ക' തീര്‍ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പാതയോരത്ത് ശുചിമുറികള്‍ പണിയണമെന്ന് നിര്‍ദ്ദേശം



തിരുവനന്തപുരം: ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ യാത്രക്കാരുടെ ഉപയോഗത്തിനായി പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭൂമി കണ്ടെത്തണം. ഇതിനായി നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്താകെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായി 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനായി മൂന്നു സെന്‍റ് വീതം സര്‍ക്കാര്‍ ഭൂമിയാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം ഏതാണ്ട് 360 ഏക്കർ സ്ഥലം ഇതിനായി വേണ്ടി വരും.


റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊതു ശുചിമുറികളുടെ അഭാവം പ്രയാസമുണ്ടാക്കുന്നുണ്ട്. ഒട്ടേറെ പേർക്ക് ഇത് ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്.


സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ പദ്ധതിയിൽ പങ്കാളികളാക്കും. സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. സാധ്യതയുള്ള സ്ഥലങ്ങളില്‍ ശുചിമുറികളോടൊപ്പം അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും. ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലാകും ശുചിമുറികളുടെ നിര്‍മ്മാണവും പരിപാലനവും. നിര്‍മ്മാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K