11 February, 2020 02:39:06 PM
അരിയാഹാരം കഴിക്കുന്നത് നിർത്തിയാൽ എല്ലാ പ്രശ്നങ്ങളും തീരും - പിസി ജോർജ്
തിരുവനന്തപുരം: അരിയാഹാരം കഴിക്കുന്നത് നിർത്തിയാൽ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് പിസി ജോർജ് എംഎൽഎ. ജീവിത ശൈലി രോഗങ്ങളെ തടയാനുള്ള സർക്കാരിന്‍റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള നിയമസഭയിലെ ചോദ്യോത്തരവേളയാണ് വേദി. എം എൽ എ മാരുടെ ചോദ്യങ്ങൾക്ക് ആരോഗ്യ മന്ത്രിയാണ് മറുപടി പറഞ്ഞത്. ഗൗരവതരമായ ചോദ്യങ്ങൾക്കും മറുപടികൾക്കുമിടയിലായിരുന്നു പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തന്‍റെ കയ്യിൽ ടിപ്സ് ഉണ്ടെന്ന് പറഞ്ഞ് പി സി ജോർജിന്‍റെ രംഗപ്രവേശം.
"ജീവിത ശൈലി രോഗങ്ങളുടെ യഥാർത്ഥ കാരണക്കാരൻ അരിയാഹാരമാണ്. അരിയാഹാരം കഴിക്കുന്നത് നിർത്തിയാൽ എല്ലാ പ്രശ്നങ്ങളും തീരും. ഇഡ്ഡലി അരിയാഹാരമായതിനാൽ രാവിലെ താൻ അത് ഒഴിവാക്കി പൂരി മസാലയാണ് കഴിച്ചതെന്നും പി സി. അതിനിടയിൽ പി സി യുടെ വയർ സംബന്ധിച്ച് ചില എം എൽ എ മാരുടെ കമന്‍റും എത്തി. തന്‍റെ കുടവയർ നോക്കേണ്ടെന്നും അത് ദീർഘനേരം ഇരുന്ന് ജോലി എടുത്തും യാത്ര ചെയ്തും ഉണ്ടായതാണെന്നും പി സി യുടെ മറുപടി.
ജീവിത ശൈലി രോഗങ്ങൾക്ക് താൻ പരിഹാരം കാണുന്നത് പ്ലേറ്റിൽ അരിയാഹാരം കുറച്ച് കറികൾ കൂട്ടിയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പി സി യുടെ വയർ കാണുന്ന ആർക്കും പി സി അരിയാഹാരം കഴിക്കാത്ത ആളാണെന്ന് തോന്നില്ലെന്നും ചെന്നിത്തല തിരിച്ചടിച്ചു. ഇതോടെ ജീവിത ശൈലി രോഗങ്ങൾ സംബന്ധിച്ച ചോദ്യോത്തര വേള രസികൻ കമന്‍റുകളുടെ വേദി കൂടിയായി മാറി. ഏതായാലും എം എൽ എ മാരുടെ രസികൻ കമന്‍റുകൾ അരങ്ങേറുന്നതിനിടെ കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണമായ അരിയാഹാരം പൂർണമായും ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാടാണ് മുഖ്യ മന്ത്രിയും ആരോഗ്യ മന്ത്രിയും സ്വീകരിച്ചത്.