10 February, 2020 08:35:44 PM
സ്കോര്‍, ജോയിന്‍റ്, ഹാള്‍ട്ട്... ; കഞ്ചാവ് മാഫിയായില്‍ പുതിയ കോഡുകളുമായി പെണ്‍കുട്ടികളും
തൃശൂര്‍: സംസ്ഥാനത്ത് വിലസുന്ന കഞ്ചാവ് മാഫിയായില്‍ പെണ്‍കുട്ടികളുടെ സാന്നിദ്ധ്യം ഒന്നിനൊന്ന് വര്‍ദ്ധിക്കുന്നു. കോളേജ് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഇരട്ടപ്പേരുകളില്‍ കോഡുകളായി കഞ്ചാവ് വിലസുമ്പോള്‍ ആണും പെണ്ണും എന്ന വ്യത്യാസമില്ലാതെ ഇതിന്‍റെ ഉപയോഗം വര്‍ധിച്ചെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അത്തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന കഞ്ചാവ് വേട്ട.
കഞ്ചാവ് സഹിതം പിടികൂടിയ പ്രതികളുടെ ഫോണിലേക്ക് വന്ന കോളുകള്‍ കേട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി എന്നാണ് പറയുന്നത്. ആ ഞെട്ടലിന് കാരണം കഞ്ചാവിന്‍റെ ആവശ്യകാരില്‍ അനേകം പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്നതാണ്. അതും ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍. കഞ്ചാവുമായി യുവാക്കള്‍ പിടിയിലായതിന് ശേഷം ഇവരുടെ ഫോണുകള്‍ ഉദ്യോഗസ്ഥരുടെ കൈകളിലായിരുന്നു. ഓരോ ഫോണ്‍ കോളുകളും ഉദ്യോഗസ്ഥര്‍ അറ്റന്‍ഡ് ചെയ്തു സംസാരിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
തൃശൂര്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണറും സംഘവും രണ്ടു യുവാക്കളെ രണ്ടരക്കിലോ കഞ്ചാവുമായാണ് പിടികൂടിയത്. അങ്കമാലിയില്‍ നിന്ന് ബൈക്കില്‍ വരുമ്പോഴായിരുന്നു യുവാക്കള്‍ പിടിയിലായത്. പ്ലസ്ടു വരെ പഠിച്ച തൃശൂര്‍ പള്ളിമൂല സ്വദേശി വിഷ്ണു (22), ബീകോം വിദ്യാഭ്യാസ യോഗ്യതയുള്ള കോലഴി സ്വദേശി കൃഷ്ണമൂര്‍ത്തി (21) എന്നിവരാണ് പിടിയിലായവര്‍.
'ടാ പി.എം. നീ എവിടെയാണ്. ഒന്ന് പാലസ് റോഡിലേക്ക് വരാമോ. സ്‌കോര്‍ എത്രയാ. ജോയിന്‍റായാലും മതി. പോസ്റ്റുണ്ടോ? ഹാള്‍ട്ടുണ്ടോ?' ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കുടുങ്ങി. സ്‌കോറും ജോയിന്‍റും പോസ്റ്റും ചെറുതായി മനസിലായി. ഇതില്‍ ഹാള്‍ട്ട് പുതിയതാണല്ലോ? പ്രതികളിലൊരുത്തനോട് ഇതൊക്കെ എന്താണ് എന്ന് ചോദിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഓരോന്നും വിശദമായി തന്നെ ചോദിച്ചറിഞ്ഞു. അവനാകട്ടെ എല്ലാം കൃത്യമായി പറഞ്ഞു.
സ്‌കോര്‍ എന്നാല്‍ കഞ്ചാവിന്‍റെ വില എത്രയാണ്. നൂറിന്‍റെ സ്‌കോര്‍. അഞ്ഞൂറിന്‍റെ സ്‌കോര്‍. ഇങ്ങനെ പോകുന്നു കഞ്ചാവു കച്ചവടക്കാരുടെ സ്‌കോറിന്‍റെ കണക്ക്. സ്‌കോര്‍ കൂടുതലാണല്ലോ എന്നു പറഞ്ഞാല്‍ കാശു കൂടതലാണല്ലോ എന്നര്‍ഥം. സ്‌കോര്‍ കുറയ്ക്കാമോയെന്ന് പറഞ്ഞാല്‍ ഡിസ്‌ക്കൗണ്ട് ഇല്ലേ എന്നതാണ് അര്‍ഥം.
ജോയിന്‍റ് എന്നാല്‍ ബീഡിയിലോ, സിഗരറ്റിലോ കഞ്ചാവ് നിറച്ച് കൊടുക്കുന്നതാണ്. വലിയ കഞ്ചാവ് പൊതികള്‍ മേടിക്കാന്‍ പണമില്ലെങ്കില്‍ ആവശ്യക്കാര്‍ ചോദിക്കുന്നതാണ് 'ജോയിന്‍റ് ' എങ്കിലും കിട്ടുമോ എന്ന്.
പോസ്റ്റ് എന്നാല്‍ കഞ്ചാവ് കിട്ടാന്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടി വരുമോ. അതായത്, ഏറെ നേരം പോസ്റ്റായി നില്‍ക്കണോയെന്ന് ചോദിക്കാനുള്ള രഹസ്യ കോഡാണിത്.
കഞ്ചാവ് വലിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ പോകാന്‍ കഴിയില്ല. അവര്‍ക്കു തങ്ങാന്‍ സ്ഥലം വേണമെന്ന് ആവശ്യപ്പെടുന്നതാണ് ഹാള്‍ട്ട്. ഗോഡൗണോ, ഒഴിഞ്ഞ വീടോ ആണ് സംഘമായി വരുന്ന പെണ്‍കുട്ടികള്‍ക്കായി ഒരുക്കുന്നത്. ഹോസ്റ്റലില്‍ നില്‍ക്കുന്നവരാണ് ഈ ആവശ്യം ഉന്നയിക്കുന്നവരില്‍ കൂടുതലും.
ഉച്ചതിരിഞ്ഞു മാത്രം കഞ്ചാവു വില്‍ക്കുന്നതിനാല്‍ വിഷ്ണു അറിയപ്പെടുന്നത് പി.എം. എന്ന പേരിലാണ്. അഞ്ചു മണിക്കു ശേഷമേ കഞ്ചാവുമായി വിഷ്ണു കച്ചവടം തുടങ്ങൂ. വിവിധ കോളജ് ഹോസ്റ്റലുകളില്‍ വിഷ്ണു അറിയപ്പെടുന്നത് പി.എം. എന്ന പേരിലാണ്. ഇവര്‍ കഞ്ചാവ് ചോദിച്ചു വിളിക്കുമ്പോഴും പി.എം. എന്നു അഭിസംബോധന ചെയ്താണ് സംസാരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ടു മുതല്‍ ഞായറാഴ്ച വൈകിട്ടു വരെ കഞ്ചാവ് കച്ചവടത്തിന് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡാണ്. പലരും ദീര്‍ഘദൂര സ്ഥലങ്ങളില്‍ നിന്ന് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്നവര്‍. സഹപാഠികളുമൊത്തുള്ള യാത്രയും പാര്‍ട്ടിയും അടിച്ചുപൊളിക്കാന്‍ പി.എമ്മിന്‍റെ ഉല്‍പന്നം മതി. അങ്ങനെ വരാന്ത്യ കച്ചവടവും തകര്‍ത്താഘോഷിക്കുകയാണ് അവര്‍.
പ്രായപൂര്‍ത്തിയാകും മുമ്പ് ചെറിയ അംശം കഞ്ചാവുമായി വിഷ്ണുവിനേയും കൃഷ്ണമൂര്‍ത്തിയേയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. അന്ന്, ഇരുവരേയും ഉപദേശിച്ചു. വീട്ടുകാരെ വിളിച്ചു വരുത്തിയും ഉപദേശിച്ചു. പക്ഷേ, ഇരുവരും പിന്നീട് വലിയ കഞ്ചാവ് കച്ചവടക്കാരായി മാറി. കഞ്ചാവ് ഉപയോഗിക്കുന്ന പെണ്‍കുട്ടികളുടെ നമ്പറുകള്‍ എക്‌സൈസിന് കിട്ടിയിട്ടുണ്ട്. ഇവരുടെ വീട്ടുകാരെ വിളിച്ച് വരുത്തി കാര്യങ്ങള്‍ അറിയിക്കാനാണ് നീക്കം.
സ്മാര്‍ട്ട് ഫോണിന്‍രെയും ഇന്‍റര്‍നെറ്റിന്‍റെയും ഉപയോഗമാണ് കുട്ടികള്‍ക്ക് മയക്കുമരുന്ന് മാഫിയയിലേക്കുള്ള പാലമായി വര്‍ത്തിക്കുന്നത്. കഞ്ചാവ് മാഫിയയുടെ വലയില്‍ വീഴുന്ന കുട്ടികളാണ് പിന്നീട് കച്ചവടക്കാരായി മാറുന്നത്. ഇവര്‍ സുഹൃത്തുക്കളെയും ലഹരിക്ക് അടിമകളാക്കുന്നു. ഇത്തരക്കാര്‍ക്കെതിരെ പോലീസിലോ എക്സൈസിലോ പോയി പരാതിപ്പെട്ടാല്‍ പരാതിക്കാരെ അക്രമിക്കുന്നതിനാല്‍ ഭയംമൂലം ആരും ഇതിന് തയ്യാറാവുന്നില്ല. ലഹരിക്കടിപ്പെടുന്നവരെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മാഫിയകളും ഗുണ്ടാസംഘങ്ങളും ഉപയോഗിക്കുന്നത്.