08 February, 2020 09:42:33 PM
യുഎഇയിൽ രണ്ടു പേർക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം ഏഴായി
അബുദാബി: യുഎഇയിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ രാജ്യത്ത് നോവെൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി. ഒരു ഫിലിപ്പീൻ സ്വദേശിയിലും ഒരു ചൈനീസ് സ്വദേശിയിലുമാണ് പുതിയതായി കൊറോണ കണ്ടെത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിൽ ഇതിന് മുമ്പ് കൊറോണ സ്ഥിരീകരിച്ച അഞ്ച് പേരും ചൈനയിൽനിന്ന് ഉള്ളവരാണ്. ഇതിൽ നാലുപേർ ഒരു കുടുംബത്തിൽപ്പെട്ടവരാണ്. രോഗം സ്ഥിരീകരിച്ച അഞ്ചുപേരും ചൈനയിലെ വുഹാനിൽനിന്ന് വന്നവരാണ്. യുഎഇയിൽ കൊറോണ വൈറസ് പ്രതിരോധത്തിനായി പ്രത്യേക ഇലക്ട്രോണിക് സംവിധാനം കഴിഞ്ഞ ആഴ്ച സജ്ജമാക്കിയിരുന്നു. ഇതനുസരിച്ചാണ് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
കൊറോണ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഒരാളിൽ രോഗം കണ്ടെത്തിയാൽ, അയാളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി ചികിത്സ നിർദേശിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഓട്ടോമേറ്റഡ് സംവിധാനം നിർവ്വഹിക്കുന്നുണ്ട്.