08 February, 2020 04:53:30 PM
പാലാരിവട്ടം പാലം നിർമാണം വൈകിയത് കോടതി ഇടപെട്ടതിനാൽ: മന്ത്രി സുധാകരൻ
ആലപ്പുഴ: കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ പാലാരിവട്ടം മേൽപ്പാലം പുനർനിർമാണം പൂർത്തിയാക്കാമായിരുന്നെന്നും കോടതി ഇടപെട്ടതിനാലാണ് വൈകിയതെന്നും മന്ത്രി ജി സുധാകരൻ. മൂന്ന് അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടുകളിലും ക്രമക്കേട് കണ്ടെത്തിയതാണെന്നും പണം അനുവദിച്ചതിൽ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന വനിതാ അഭിഭാഷക കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാലത്തിന്‍റെ ഡിസൈൻ തന്നെ തെറ്റായിരുന്നു. 102 ഗർഡറുകളിൽ 100ഉം കേടാണ്. സ്‌പാനുകളെല്ലാം തകരാറാണ്. ഇതേക്കുറിച്ച് അന്വേഷിച്ച ചെന്നൈ ഐഐടി സംഘം, വിജിലൻസ് എന്നിവർ ക്രമക്കേട് കണ്ടെത്തി. തുടർന്ന് എത്തിയ ഇ ശ്രീധരനും ക്രമക്കേട് ശരിവച്ചു. ഇതോടെയാണ് പാലം പുനർനിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ കരാറുകാരൻ കോടതിയെ സമീപിച്ചു. ഭാരപരിശോധന നടത്തണമെന്ന കരാറുകാരന്‍റെ ആവശ്യം അംഗീകരിച്ച് സർക്കാരിനെതിരെ വിധി വന്നു.
മൂന്ന് അന്വേഷണ റിപ്പോർട്ടുകളുള്ളപ്പോഴാണ് ഈ നടപടി. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെ അനുകൂലവിധി വന്നു. അപ്പോഴേയ്‌ക്കും മൂന്നു മാസം നഷ്ടമായി. നിയമങ്ങൾ ഉണ്ടെങ്കിലും നിയമ വ്യാഖ്യാനങ്ങളുടെ അപാകത കാരണം ജനങ്ങളാണ് ബുദ്ധിമുട്ടിലാകുന്നത് - അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി തല തിരിച്ചാണ് ഭരണഘടന വായിച്ചതെന്നും പിണറായി വിജയൻ നേരെ പിടിച്ച് വായിച്ചതിനാലാണ് പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടിൽ എത്തിയതെന്നും മന്ത്രി പറഞ്ഞു.