07 February, 2020 08:40:35 PM
പി.എം. കിസാന്‍ ഗുണഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം
കോട്ടയം: ജില്ലയിലെ പി.എം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഗുണഭോക്താക്കള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അര്‍ഹരായ എല്ലാവര്‍ക്കും ഫെബ്രുവരി എട്ടു മുതല്‍ 24 വരെയുള്ള സമയപരിധിക്കുള്ളില്‍ കാര്‍ഡ് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2018 ഫെബ്രുവരിയില്‍ തുടക്കം കുറിച്ച പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ കൃഷിഭവനുകള്‍ വഴി രജിസ്റ്റര്‍ ചെയ്ത 1,88,129 കര്‍ഷകരില്‍ 1,74,250 പേര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേന രണ്ടായിരം രൂപ വീതമുള്ള മൂന്നു ഗഡുക്കളായി പ്രതിവര്‍ഷം ആറായിരം രൂപ ലഭിക്കുന്നുണ്ട്. നിലവില്‍ പണം ലഭിച്ചുകൊണ്ടിരിക്കുന്ന ബാങ്കില്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കിയാല്‍ കൃഷി ചെയ്യുന്ന വിളകളുടെയും സ്ഥല വിസ്തൃതിയുടെയും അടിസ്ഥാനത്തില്‍ മൂന്നു ലക്ഷം രൂപവരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ ലഭിക്കും. ഇതില്‍ 1.6 ലക്ഷം രൂപ വരെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്റെയും കരം അടച്ച രസീതിന്റെയും അടിസ്ഥാനത്തില്‍ ഈടില്ലാതെ അനുവദിക്കും.
കൃത്യമായി തിരിച്ചടയ്ക്കുന്നവരില്‍ നാലു ശതമാനം പലിശ നല്‍കിയാല്‍ മതിയാകും. 1.6 ലക്ഷം രൂപയ്ക്കു മുകളില്‍ വായ്പ വേണ്ടവര്‍ ബാങ്ക് ആവശ്യപ്പെടുന്ന മറ്റു രേഖകള്‍ ഹാജരാക്കണം. യോഗത്തില്‍ കൃഷിവകുപ്പ്, നബാര്‍ഡ്, ലീഡ് ബാങ്ക് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഗുണഭോക്താക്കള്‍ pmkisan.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്തശേഷം അടിയന്തരമായി ബാങ്കുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.