03 February, 2020 10:56:05 PM
വിദേശജോലിക്കു പോകുന്ന സ്ത്രീകള്‍ വിസയുടെ വിവരങ്ങള്‍ അന്വേഷിക്കണം - വനിതാ കമ്മീഷന്‍
കോട്ടയം: വിദേശരാജ്യങ്ങളില്‍ ജോലിക്ക് പോകുന്നതിനു മുമ്പ് വിസയുടെ വിവരങ്ങള്‍ നോര്‍ക്ക മുഖേന അന്വേഷിച്ച് ഉറപ്പു വരുത്താന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ വിദേശ ജോലിക്ക് പോയി കബളിപ്പിക്കപ്പെട്ട യുവതിയുടെ പരാതി പരിഗണിക്കവേയാണ് കമ്മീഷന്‍റെ നിര്‍ദേശം.
തയ്യല്‍ ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ ഗല്‍ഫില്‍ എത്തിച്ചത്. അവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും വഴങ്ങാത്തതിന്‍റെ പേരില്‍ പീഡനങ്ങള്‍ സഹിക്കേണ്ടിവരികയും ചെയ്തു. ഏറെ പാടുപെട്ടാണ് ഇവര്‍ നാട്ടിലെത്തിയത്. തൊഴിലിടങ്ങളില്‍ മേല്‍ജീവനക്കാര്‍ താഴ്ന്ന തസ്തികയിലുള്ള വനിതകളോട് മോശമായി പെരുമാറുന്ന പ്രവണത നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.
മെഗാ അദാലത്തില്‍ 77 പരാതികള്‍ പരിഗണിച്ചു. ഏഴെണ്ണം തീര്‍പ്പാക്കി. ഒരു കേസ് പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. 15 എണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവച്ചു. 54 കേസുകളില്‍ ആരും ഹാജരായില്ല. പരാതി നല്‍കിയശേഷം വാദിയും പ്രതിയും അദാലത്തിനു ഹാജരാകാത്തത് വനിതാ കമ്മീഷനോടുള്ള അനാദരവായി കണക്കാക്കുമെന്ന് എം.സി. ജോസഫൈന്‍ പറഞ്ഞു. ഇ.എം.രാധ, ഡോ.ഷാഹിദ കമാല്‍, അഡ്വ.എം.എസ്. താര എന്നിവരും കമ്മീഷന്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസും അദാലത്തില്‍ പങ്കെടുത്തു.