03 February, 2020 01:06:59 PM
കാസര്‍ഗോഡും കൊറോണ വൈറസ്: കേരളത്തില്‍ രോഗബാധിതരായ മൂവരും സഹപാഠികൾ
തിരുവനന്തപുരം: വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍ഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ തൃശൂർ, ആലപ്പുഴ, കാസർകോട് എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. മൂന്നുപേരും സഹപാഠികളാണ്. ഇവര്‍ ഒരുമിച്ചാണ് ചൈനയിൽ നിന്ന് മടങ്ങിയെത്തിയത്.
അതേസമയം, വുഹാനില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവര്‍ 361 ആയി. 57 പേരാണ് കഴിഞ്ഞദിവസം മരിച്ചത്. പുതിയതായി 2,829 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, ആകെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17, 205 ആയതായി ചൈനീസ് സർക്കാർ അറിയിച്ചു. അതേസമയം, ചൈനയ്ക്ക് പുറത്ത് ആദ്യത്തെ കൊറോണ മരണം ഫിലിപ്പിൻസിൽ സ്ഥിരീകരിച്ചു. ഒരാളാണ് ഫിലിപ്പിൻസിൽ മരിച്ചത്. കൊറോണ ബാധ സംബന്ധിച്ച സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ജി 7 രാജ്യങ്ങൾ ജർമ്മനിയിൽ യോഗം ചേരും. ലോകരാജ്യങ്ങൾ സ്വന്തം പൗരൻമാർക്ക് ചൈനയിലേക്ക് യാത്ര ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും.
മെഡിക്കല്‍ കോളേജിൽ ചികിത്സയില്‍ കഴിയുന്ന വിദ്യാർഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തിലാണ് ആലപ്പുഴയില്‍ പ്രതിരോധ നടപടികള്‍. കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നതിനൊപ്പം തദ്ദേശ തലത്തില്‍ ബോധവത്കരണ പരിപാടികളും ആരംഭിക്കാനാണ് തീരുമാനം. ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ജില്ല മെഡിക്കല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍ട്രോള്‍ റൂം കളക്ടറേറ്റിലേക്കാണ് മാറ്റിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം റവന്യൂ വിഭാഗവും കണ്‍ട്രോള്‍ റൂമിലുണ്ടാവും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ഡേ.രത്തന്‍ ഖേല്‍ക്കറാണ് ആലപ്പുഴയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ജില്ലാ കളക്ടര്‍ എം.അഞ്ജനയ്ക്കാണ് ഏകോപന ചുമതല. മെഡിക്കല്‍ കോളേജിനും ജനറല്‍ ആശുപത്രിക്കും പുറമെ താലൂക്ക് ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. സ്വകാര്യ ആശുപത്രികളും കിടക്കകള്‍ ക്രമീകരിക്കാന്‍ സന്നദ്ധത അറിയിച്ചു.
കൊറോണ സ്ഥിരീകരിക്കപ്പെട്ട വിദ്യാർഥിയുമായി അടുത്തിടപഴകിയ ആളുകളുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു. നിരീക്ഷണത്തിലുള്ള മറ്റു മൂന്നു പേരൊടൊപ്പം ഇടപഴകിയ ആളുകളും വീടുകളില്‍ നിരീക്ഷണത്തിലാണ്. ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ വീടുകളില്‍ നിരീക്ഷിക്കേണ്ടി വരുമെന്നുമാണ് സൂചന. ഇത്തരത്തിലുള്ള ആളുകളെ കണ്ടെത്തുന്നതിനും കൊറോണ ലക്ഷണങ്ങളുള്ളവര്‍ അടിയന്തിരമായി ചികിത്സ തേടണമെന്നും ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ ബോധവത്കരണ പരിപാടികളും ആരംഭിക്കും.