01 February, 2020 08:43:44 AM
കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 259; രോഗം സ്ഥിരീകരിച്ചത് 11,791 പേർക്ക്
ദില്ലി: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 259 ആയി. അതേസമയം 11,791 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനിടെ, കൊറോണ വൈറസ് പൊട്ടി പുറപ്പെട്ട ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ദില്ലിയിൽ എത്തി. ആകെ 324 പേരായിരുന്നു വിമാനത്തിലുള്ളത്. ഇതിൽ 42 പേർ മലയാളികളാണ്.
ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ചു ഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ദില്ലിയിൽ നിന്ന് വിമാനം പുറപ്പെട്ടത്. ബോയിങ് 747 വിമാനമായിരുന്നു വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിയെത്തിക്കാനുള്ള ദൗത്യവുമായി പുറപ്പെട്ടത്. ബോർഡിങ് നടപടികൾ രാത്രി 11 മണിയോടെ പൂർത്തിയാക്കി വിമാനം ദില്ലിയിലേക്ക് തിരിക്കുകയായിരുന്നു.
ചൈനീസ് അധികൃതർ പരിശോധന നടത്തി കൊറോണ വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കിയവരെയാണ് തിരികെ എത്തിച്ചിരിക്കുന്നത്. ഹരിയാനയിലെ മനേസറിൽ ഇവർക്കായി ആർമി പ്രത്യേക നിരീക്ഷണകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. വുഹാനിൽ നിന്ന് എത്തിയവരെ രണ്ടാഴ്ചയോളം മനേസറിലെ നിരീക്ഷണ കേന്ദ്രത്തിൽ താമസിപ്പിക്കും.