31 January, 2020 11:23:45 PM
കൊറോണ; ഒരു മാസത്തേക്കുള്ള ഭക്ഷണവും കരുതി പുറത്തിറങ്ങാതെ ജയനും കുടുംബവും
തൃശൂർ: ചൈനയിൽ കൂടുതൽ ഭാഗങ്ങളിലേക്കു കൊറോണ വൈറസ് പടർന്നതോടെ വിദേശികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ആശങ്കയില്‍. വളരെ തിരക്കേറിയ മാർക്കറ്റുകളും ഓഫീസുകളും ബാങ്കുകളുമെല്ലാം ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ആരും പുറത്തിറങ്ങുന്നുമില്ല. ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നു ചൈനയിൽ 13 വർഷമായി ഇന്റീരിയർ, എക്സ്റ്റീരിയർ മറ്റീരിയൽസ് ബിസിനസ് നടത്തുന്ന തൃശൂർക്കാരനായ ജി. ജയൻ.
ശക്തമായ ആരോഗ്യ സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലായി ആരോഗ്യ സുരക്ഷാ സംഘങ്ങളുടെ പരിശോധനയുണ്ട്. എല്ലായിടത്തും യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ സന്ദർശകരേയും അതിഥികളേയും സ്വീകരിക്കരുതെന്നാണു നിർദേശം. കതകുകളെല്ലാം അടച്ചിട്ട വീട്ടിനകത്തും മുഖത്തു മാസ്ക് ധരിച്ചാണു കഴിയുന്നത്. ഒമ്പതാം തീയതിവരെ സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുമെന്നാണ് ചൈനീസ് അധികാരികൾ പറയുന്നത്.
ഇന്ത്യൻ എംബസിയിൽനിന്നും ചൈനീസ് അധികൃതരിൽനിന്നും നിർദേശങ്ങൾ ലഭിക്കുന്നുണ്ട്. രോഗം പടരുന്ന ഈ സാഹചര്യത്തിൽ നാട്ടിലേക്കു വരുന്നത് അപകടകരമാണെന്നാണു ജയന്റെ നിലപാട്. പുറത്തിറങ്ങിയാൽ വൈറസ് ബാധയുള്ളവരുമായി ഇടപഴകേണ്ടിവരും. അതിനാൽ പുറത്തിറങ്ങാതെ കഴിയാനാണ് ജയന്റേയും പത്നി ഹണി വർഗീസിന്റേയും തീരുമാനം. വൈറസ് ബാധ ശക്തമായ വുഹാനിൽനിന്ന് ആയിരത്തഞ്ഞൂറോളം കിലോമീറ്റർ അകലെയുള്ള ഫൊഷാൻജനിലാണ് ജയനും കുടുംബവും താമസിക്കുന്നത്.