30 January, 2020 02:18:13 PM
കേരളത്തിലും കൊറോണ വൈറസ് ബാധ; രോഗം വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്ക്
തിരുവനന്തപുരം : കൊറോണ വൈറസ് ബാധ കേരളത്തിലും. വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. തൃശൂരിലെ ജില്ലാ ആശുപത്രിയിൽ ഐസലേഷൻ വാർഡില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി അരിയിച്ചു. സംസ്ഥാനത്തുനിന്ന് അയച്ച 20 സാംപിളുകളിൽ ഒന്നിലാണ് കൊറോണ സ്ഥിരീകരിച്ചത്.
അയച്ച സാമ്പിളുകളില്‍ പത്തെണ്ണം നൈഗറ്റീവ് ആണ്. ആറെണ്ണം ലാബ് അധികൃതർ ഹോൾഡ് ചെയ്തിരിക്കുകയാണ്. രോഗം സംശയിച്ച് ഐസലേറ്റ് ചെയ്യപ്പെട്ട നാലു പേരിൽ ഒരു വിദ്യാർഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ട പരിശോധനയിലാണ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. വിദ്യാർഥിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി വൈകിട്ടു തൃശൂരിലേക്കു പോകും. തൃശൂർ ജില്ലാ മെഡിക്കൽ ഓഫിസറുടേ നേതൃത്വത്തിൽ ഇപ്പോൾ യോഗം ചേരുകയാണ്. മന്ത്രി രാത്രി 10 മണിയോടെ തൃശൂരിലെത്തും.